ബീഫ് കഴിച്ചെന്ന് ആരോപിച്ച് തൊഴിലാളിയെ മർദിച്ച് കൊന്ന കേസിൽ പ്രതികൾ അറസ്റ്റിൽ

0
112

ബീഫ് കഴിച്ചെന്ന് ആരോപിച്ച് ഹരിയാനയിൽ തൊഴിലാളിയെ മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാൾ സ്വദേശിയാണ് മരിച്ചത്. ഈ മാസം 27ന് ഹരിയാനയിലെ ചർഖി ദാദ്രി ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.

പശ്ചിമബംഗാൾ സ്വദേശി സാബിർ മാലികിനെ ആണ് ബീഫ് കഴിച്ചെന്ന് ആരോപിച്ച് ഗോസംരക്ഷകർ അതിക്രൂരമായി മർദിച്ച് കൊന്നത്. ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികൾ വിൽക്കാനെന്ന വ്യാജേന പ്രതികൾ, മാലിക്കിനെ കടയിലേക്ക് വിളിച്ചുവരുത്തി മർദിക്കുകയായിരുന്നു. നാട്ടുകാർ ഇടപെട്ടതിനെ തുടർന്ന് പ്രതികൾ മാലിക്കിനെ മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയി വീണ്ടും മർദിച്ചതാണ് മരണത്തിലേക്ക് നയിച്ചത്.

ആക്രിക്കച്ചവടക്കാരനായിരുന്നു മരിച്ച സാബിർ മാലിക്. സംസ്ഥാനത്ത് പശുകളെ ബഹുമാനിക്കുന്നുണ്ടെന്നും എന്നാൽ ഇത്തരം അക്രമങ്ങൾ ദൗർഭാഗ്യകരമാണെന്നും ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനി പ്രതികരിച്ചു. കഴിഞ്ഞ 10 വർഷമായി ഹരിയാനയിൽ ഗോസംരക്ഷകരുടെ ആൾക്കൂട്ട കൊലപാതകങ്ങളും ആക്രമണങ്ങളും വർധിച്ചുവരികയാണ്.