സിദ്ദിഖിനെതിരായ കേസ് അന്വേഷിക്കാൻ പുതിയ അന്വേഷണ സംഘം

0
118

സിദ്ദിഖിനെതിരായ കേസ് അന്വേഷിക്കാൻ പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചു. തിരുവനന്തപുരം കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് പുതിയ സംഘം. ക്രൈംബ്രാഞ്ച് എസ്പി മധുസൂദനൻ അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റൻ്റ് കമ്മീഷണർ വിജു കുമാർ, മ്യൂസിയം എസ്എച്ച്ഒ, എസ്ഐ എന്നിവരും സംഘത്തിലുണ്ട്. നടിയുടെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചത്.

അതിനിടെ ലൈംഗികാതിക്രമക്കേസിൽ സംവിധായകൻ വി.കെ പ്രകാശിന് എതിരെ കേസെടുത്ത് പൊലീസ്. കൊല്ലം പള്ളിത്തോട്ടം പൊലീസ് ആണ് കേസ് എടുത്തത്. IPC 354 A (1) i വകുപ്പാണ് ചുമത്തിയത്. സിനിമയുടെ കഥ പറയാനായി എത്തിയപ്പോൾ കടന്നുപിടിച്ചുവെന്നാണ് യുവ കഥാകാരിയുടെ പരാതി.

2022ൽ കൊല്ലത്തെ ഹോട്ടലിൽ വെച്ചാണ് സംഭവമെന്നും അഭിനയം പഠിപ്പിക്കാമെന്ന് പറഞ്ഞ് ശരീരത്തിൽ പിടിച്ച് ചുംബിക്കാൻ ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു. പരാതി പ്രത്യേക അന്വേഷണസംഘത്തിന് കൈമാറും. പരാതിക്കാരിയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്. ലൈംഗിക അതിക്രമമാണ് വി കെ പ്രകാശിനു മേൽ ചുമത്തിയിട്ടുള്ളത്.