‘കരിങ്കാളിയല്ലേ’ എന്ന ഗാനം ഉപയോഗിച്ച നടി നയൻതാരയ്‌ക്കെതിരെ ഗാനത്തിൻ്റെ അണിയറപ്രവർത്തകർ

0
59

സ്വന്തം ബ്രാൻഡിൻ്റെ പരസ്യത്തിനായി ‘കരിങ്കാളിയല്ലേ’ എന്ന ഗാനം ഉപയോഗിച്ച നടി നയൻതാരയ്‌ക്കെതിരെ നിർമ്മാതാക്കൾ. നയൻതാരയുടെ റീൽ പുറത്തിറങ്ങിയതിന് ശേഷം തങ്ങൾക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നാണ് ഗാനത്തിൻ്റെ അണിയറപ്രവർത്തകരുടെ ആരോപണം. ഫഹദ് ഫാസിൽ ചിത്രമായ ആവേശത്തിനൊപ്പം തന്നെ ‘കരിങ്കാളിയല്ലേ’ എന്ന പാട്ടും ബോക്സ് ഓഫീസിൽ ട്രെൻഡിങ് ആയിരുന്നു. കുട്ടികൾ മുതൽ പ്രായമായവർ വരെ ഈ പാട്ടിനൊപ്പം റീലുകൾ ചെയ്ത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു.

കണ്ണൻ മംഗലത്ത് വരികൾ കുറിച്ച് ഷൈജു അവറാൻ സംഗീതമൊരുക്കിയ ഗാനമാണ് ‘കരിങ്കാളിയല്ലേ’ ‘ആവേശം’ എന്ന ചിത്രത്തിൽ ഈ പാട്ട് ഉപയോഗിച്ചതോടെ വീണ്ടും ട്രെൻഡിങ് ആയി മാറുകയായിരുന്നു. എന്നാൽ നയൻതാര, തന്റെ പുതിയ സംരംഭമായ സാനിറ്ററി നാപ്കിന്റെ പരസ്യത്തിനു വേണ്ടിയാണ് പാട്ട് ഉപയോഗിച്ചത്. അക്കാര്യം ചൂണ്ടിക്കാട്ടി നിർമാതാക്കൾ പരാതിയുമായി രംഗത്തെത്തുകയായിരുന്നു.

ഇന്ത്യയിലെ രണ്ട് പ്രമുഖ ബ്രാൻഡുകളുടെ കരാറിൽ ഒപ്പ് വയ്ക്കാനിരിക്കെയാണ് നയൻതാരയുടെ പ്രമോഷൻ വിഡിയോ പുറത്തുവന്നതെന്നും ഇതേത്തുടർന്ന് കമ്പനികൾ കരാറിൽ നിന്നും പിൻവാങ്ങിയതിനാൽ തങ്ങൾക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നും പാട്ടിന്റെ നിർമാതാക്കൾ ആരോപിക്കുന്നു. അതേസമയം, സിനിമയിൽ നിന്ന് സമ്പാദിക്കുന്ന കോടികൾക്ക് പുറമെ, ചുരുങ്ങിയ കാലം കൊണ്ടുതന്നെ ബിസിനസിൽ തന്റേതായ ഇടം ഉറപ്പിച്ച താരമാണ് നയൻതാര. ബ്യൂട്ടി പ്രൊഡക്ടുകൾക്ക് പുറമെ സാനിറ്ററി നാപ്കിൻ ബ്രാൻഡുകളും താരം ബിസിനസ്സ് ചെയ്യുന്നുണ്ട്.

ബിസിനസ് ലോകത്തെ ശക്തരായ വനിതകളിൽ ഒരാളായി കഴിഞ്ഞ വർഷം ബിസിനസ് ടുഡേ മാഗസിൻ തിരഞ്ഞെടുത്തവരിൽ ഒരാളായിരുന്നു നയൻതാര. പ്രമുഖ ഡർമ്മറ്റോളജിസ്റ്റ് ഡോ. റെനിത രാജനോടൊപ്പം ചേർന്ന് ലിപ്ബാമുകൾക്ക് മാത്രമായി ‘ദി ലിപ് ബാം കമ്പനി’ എന്ന പേരിൽ ഒരു സംരംഭത്തിനും താരം തുടക്കമിട്ടിരുന്നു. 100ലേറെ വെറൈറ്റി ലിപ്ബാമുകൾ വികസിപ്പിച്ചെടുത്ത ‘ദി ലിപ് ബാം കമ്പനി’ ലോകത്തിൽ തന്നെ മികച്ചതാണെന്നാണ് അവകാശവാദം. ഇതിന് പുറമെ ചെന്നൈ ആസ്ഥാനമായ ചായ് വാലെ എന്ന സംരംഭത്തിലും നയൻതാര പണം നിക്ഷേപിച്ചിട്ടുണ്ട്.

ഡെയ്സി മോർഗൻ എന്ന സംരംഭകയോടൊപ്പം ചേർന്ന് സ്കിൻകെയർ ബ്രാൻഡ് നയൻതാര ആരംഭിച്ചു. ആരാധകർ സ്നേഹപൂർവം വിളിക്കുന്ന നയൻ എന്ന പേര് കൂട്ടിച്ചേർത്ത് 9സ്കിൻ എന്ന പേരിലാണ് പ്രീമിയം ക്വാളിറ്റി സ്കിൻ കെയർ പ്രൊഡക്ട്സ് ബ്രാൻഡ് ആരംഭിച്ചത്. ബൂസ്റ്റർ ഓയിൽ, ആന്റി ഏജിങ് സെറം, ഗ്ലോ സെറം, നൈറ്റ് ക്രീം, ഡേ ക്രീം എന്നിവയാണ് 9സ്കിൻ ഇതുവരെ പുറത്തിറക്കിയ ഉൽപ്പന്നങ്ങൾ. ഇന്ത്യയ്ക്ക് പുറമെ സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളാണ് 9സ്കിന്നിന്റെ പ്രധാന വിപണികൾ.

ഡോ.ഗോമതിയുമായി സഹകരിച്ച് ഫെമി9 എന്ന പേരിൽ ഒരു സാനിറ്ററി നാപ്കിൻ ബ്രാൻഡും കഴിഞ്ഞവർഷം ആരംഭിച്ചു നയൻതാര. സ്ത്രീകളോടും സമൂഹത്തോടുമുള്ള നയൻതാരയുടെ പ്രതിബന്ധത തെളിയിക്കുന്നതു കൂടിയാണ് എക്കോ ഫ്രണ്ട്ലി ആയ ഈ നാപ്കിൻ ബ്രാൻഡ്.