‘കൈലാഖ്’ എന്നാണ് സ്കോഡയുടെ പുതിയ എസ്‌യുവിക്ക് പേര് നൽകിയിരിക്കുന്നത്. ഈ പേര് നൽകിയതിൻ്റെ ക്രെഡിറ്റ് മലയാളിക്കാണെന്ന് സ്‌കോഡ തന്നെ പ്രഖ്യാപിച്ചു. കാസർകോട് സ്വദേശി മുഹമ്മദ് സിയാദ് (24) ആണ് സ്‌കോഡയുടെ ചെറു എസ്‌യുവിയുടെ പേര് നിർദ്ദേശിച്ച് സമ്മാനം നേടിയത്. ഈ എസ്‌യുവിയുടെ ആദ്യ യൂണിറ്റ് സിയാദിന് സമ്മാനിക്കുന്നു.
ഖുര്‍ആന്‍ അധ്യാപകനാണ് ഇദ്ദേഹം. അഞ്ച് പേരുകളാണ് പുതിയ വാഹനത്തിനായി സ്‌കോഡ നിര്‍ദേശിച്ചിരുന്നത്. ഇതില്‍ നിന്നാണ് ‘കൈലാഖ്’ എന്ന പേര് കമ്പനി തിരഞ്ഞെടുത്തത്.രണ്ടുലക്ഷത്തില്‍ അധികം ആളുകളില്‍ നിന്നാണ് സിയാദിനെ വിജയിയായി തിരഞ്ഞെടുത്തത്. 2025-ലാണ് സ്‌കോഡ കൈലാഖ് പുറത്തിറക്കുന്നത്.
ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് പുറത്തിറങ്ങാനൊരുങ്ങുന്ന പുതിയ എസ്‌യുവിക്ക് പേര് നിര്‍ദേശിക്കാനുള്ള മത്സരം സ്‌കോഡ പ്രഖ്യാപിച്ചത്. അതേമാസം തന്നെ ഈ വാഹനത്തിനുള്ള പേര് നിര്‍ദേശിച്ചിരുന്നതായാണ് മുഹമ്മദ് സിയാദ് അറിയിച്ചത്.