അൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെ മോശം പരാമർശം, യൂസർ എക്‌സ് മാപ്പ് പറയണമെന്ന് ഡൽഹി ഹൈക്കോടതി

0
70

അൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെ മോശം പരാമർശം നടത്തിയ സോഷ്യൽ മീഡിയ യൂസർ എക്‌സ് മാപ്പ് പറയണമെന്ന് ഡൽഹി ഹൈക്കോടതി. 2020ലെ സംഭവവുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. സുബൈറിനെ ജിഹാദി എന്ന് വിളിച്ചത് തെറ്റാണെന്നും സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും മാപ്പ് പറയുന്നതായും രണ്ട് മാസത്തേക്ക് ട്വിറ്ററിൽ പോസ്റ്റ് ചെയ്യണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നവർ കൂടുതൽ സഹിഷ്ണുത പുലർത്തണമെന്നും തങ്ങൾക്ക് തെറ്റുപറ്റിയെന്ന് ബോധ്യപ്പെട്ടാൽ ക്ഷമാപണം നടത്തണമെന്നും ഡൽഹി ഹൈക്കോടതി ജഡ്ജി അനൂപ് ജയറാം ഭംഭാനി ആവശ്യപ്പെട്ടു. മാപ്പപേക്ഷിച്ചു കൊണ്ടുള്ള കുറിപ്പിൽ നടന്ന സംഭവം മുഴുവൻ പരാമർശിക്കണം എന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

2020 ൽ ഇതേ ട്വിറ്റർ യൂസറുടെ പരാതിയിൽ ഡൽഹി പോലീസ് സുബൈറിനെതിരെ ബാലികയെ ട്വിറ്റർ വഴി ഭീഷണിപ്പെടുത്തിയെന്നും ശല്യം ചെയ്തതിനും കേസെടുത്തിരുന്നു. ഈ വ്യക്തി തന്റെ പ്രായപൂർത്തിയാകാത്ത ഇളയ മകളുടെ ഫോട്ടോയാണ് ട്വിറ്റർ അക്കൗണ്ടിൽ ഉൾപ്പെടുത്തിയിരുന്നത്. ഇതിന്റെ പേരിലാണ് കേസെടുത്തത്. എന്നാൽ ബാലിശമായ ആരോപണമാണ് ഇതെന്ന് സുബൈർ കോടതിയിൽ നിലപാട് എടുത്തു. കേസ് അന്വേഷണം അധികം വൈകാതെ പോലീസ് അവസാനിപ്പിച്ചിരുന്നു.