ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതീക്ഷയില്ലെന്ന് നടൻ ഷമ്മി തിലകൻ

0
68

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതീക്ഷയില്ലെന്ന് നടൻ ഷമ്മി തിലകൻ മാധ്യമങ്ങളോട് പറഞ്ഞു. ഇരകൾ തെരുവിലിറങ്ങട്ടെ. ചെറിയ കാര്യങ്ങൾ മാത്രമാണ് പുറത്തുവന്നതെന്നും ഷമ്മി തിലകൻ പറഞ്ഞു. പുറത്തുവരാണുള്ളത് വലിയ കാര്യമാണ്. പവർ ഗ്രൂപ്പ് നേരത്തെയും ഇപ്പോഴുമുണ്ട്, എന്നെയും അച്ഛനെയും വിലക്കിയത് അതേ ഗ്രൂപ്പാണ്. പരാതിപ്പെടാൻ കഴിയാത്തവർ നിരവധിയാണ്. താരസംഘടനയെക്കുറിച്ച് എനിക്ക് ഒന്നും പറയാനില്ല. പേടിച്ചിട്ടല്ല, വിലക്കിയതുകൊണ്ടാണ് ഒന്നും പറയാതിരുന്നതെന്നും ഷമ്മി തിലകൻ പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ നടൻ നേരത്തെ പ്രതികരിച്ചിരുന്നു . ‘ചില്ലക്ഷരം കൊണ്ടുപോലും കള്ളം പറയാത്ത കള്ളൻ’ എന്ന അടികുറിപ്പോടെയാണ് ഷമ്മി തിലകൻ തിലകനോടൊപ്പമുള്ള ചിത്രം പങ്കുവച്ചത്. ഫെയ്സ്ബുക്കിലാണ് ചിത്രം പങ്കുവച്ചത്.

താരസംഘടനയായ ‘അമ്മ’ യുടെ പല നിലപാടുകൾക്കെതിരെ ശക്തമായി എതിർപ്പ് അറിയിക്കുകയും അതൃപ്തി പ്രകടപ്പിക്കുകയും ചെയ്ത നടനാണ് തിലകൻ. 2010 ൽ സംഘടനയിൽ നിന്നും തിലകനെ പുറത്താക്കിയിരുന്നു. മലയാള സിനിമാ മേഖലയില്‍ നടക്കുന്ന പല കാര്യങ്ങളെ കുറിച്ചും തുറന്നു പറച്ചിലുകള്‍ നടത്തിയിട്ടുള്ള നടനായിരുന്നു തിലകന്‍. ഇതിന് പിന്നാലെ പല സിനിമകളിലും തനിക്ക് വേഷങ്ങള്‍ നഷ്ടമായിട്ടുണ്ടെന്നും അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്.