തമിഴ്നാട്ടിൽ ദളിതർ കയറിയ ക്ഷേത്രത്തിന് നേരെ മേൽ ജാതിക്കാരുടെ ആക്രമണം

0
95
Oplus_131072

തമിഴ്നാട്ടിൽ ദളിതർ കയറിയ ക്ഷേത്രത്തിന് നേരെ മേൽ ജാതിക്കാർ ആക്രമണം നടത്തി. ഈ മാസം ആദ്യം ദളിതർ ക്ഷേത്രത്തിൽ പ്രവേശിച്ചിരുന്നു. കെവി കുപ്പം താലൂക്കിലെ ഗെമ്മൻകുപ്പം വില്ലേജിലെ കാളിയമ്മൻ ക്ഷേത്രമാണ് തകർത്തത്. എന്നാൽ ക്ഷേത്രം പുനർനിർമിക്കുമെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചു. ക്ഷേത്രത്തിലെ ആടിമാസ പരിപാടികളിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കാനുള്ള തീരുമാനം ലംഘിച്ച് ദളിത് സമൂഹം ക്ഷേത്രത്തിൽ പ്രവേശിച്ചതാണ് അക്രമത്തിന് കാരണം.

സംഭവത്തില്‍ എസ് നവീന്‍ കുമാറിന്റെ പരാതിയില്‍ എസ്‌സി/ എസ്ടി നിയമപ്രകാരം കെവി കുപ്പം പൊലീസ് കേസെടുത്തു. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്രമസമാധാന ചര്‍ച്ചയില്‍ വിഷയം ചര്‍ച്ചയായതിന് പിന്നാലെ ഓഗസ്റ്റ് 14നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഗ്രാമത്തിലെ 50 ശതമാനം വരുന്ന ദളിത് സമൂഹം വര്‍ഷങ്ങളായി കാളിയമ്മന്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠയെ ആരാധിച്ചുവരുന്നവരാണ്. കാലക്രമേണ മറ്റ് ജാതിയില്‍പ്പെട്ടവര്‍ ആരാധന നടത്തിവരുകയും പിന്നാലെ ദളിതര്‍ വിവേചനം നേരിടുകയായിരുന്നുവെന്നും നവീന്‍ കുമാര്‍ പറയുന്നു. ഗ്രാമത്തില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള പുറംമ്പോക്ക് ഭൂമിയിലാണ് നേരത്തെ പ്രതിഷ്ഠയുണ്ടായിരുന്നത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രതിഷ്ഠയ്ക്ക് ചുറ്റിലും ക്ഷേത്രം പണിയുകയായിരുന്നു. ക്ഷേത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തങ്ങളില്‍ നിന്നും പണം പിരിച്ചിട്ടുണ്ടെന്നാണ് ദളിത് വിഭാഗക്കാർ വ്യക്തമാക്കുന്നത്.