കേന്ദ്ര സർവീസിലെ ലാറ്ററൽ എൻട്രിയുമായി ബന്ധപ്പെട്ട് എൻഡിഎയിൽ ഭിന്നത

0
85

കേന്ദ്ര സർക്കാർ സർവീസിലെ ലാറ്ററൽ എൻട്രിയുമായി ബന്ധപ്പെട്ട് എൻഡിഎയിൽ അഭിപ്രായ വ്യത്യാസം. ജെഡിയുവും എൽജെപിയും തീരുമാനത്തെ എതിർത്തു. ലാറ്ററൽ എൻട്രി തീരുമാനം ടിഡിപി അനുകൂലിച്ചു. സംവരണം ഉൾപ്പെടെ അട്ടിമറിക്കുമെന്നാണ് ജെഡിയുവിൻ്റെ വാദം. എന്നാൽ ലാറ്ററൽ എൻട്രി ഭരണത്തിൻ്റെ ഗുണനിലവാരം ഉയർത്തുമെന്ന് ടിഡിപി പറഞ്ഞു.

തങ്ങള്‍ രാം മനോഹര്‍ ലോഹ്യയുടെ പിന്‍ഗാമികളാണെന്ന് വിശദീകരിച്ചുകൊണ്ടാണ് ജെഡിയു വക്താവ് കെ സി ത്യാഗി ലാറ്ററല്‍ എന്‍ട്രിയ്‌ക്കെതിരെ എതിര്‍പ്പുമായി രംഗത്തെത്തിയത്. നൂറ്റാണ്ടുകളായി ചില വിഭാഗങ്ങള്‍ സാമൂഹ്യമായി പിന്നോക്കാവസ്ഥയില്‍ നില്‍ക്കുമ്പോള്‍ അവരോട് മെറിറ്റിനെ കുറിച്ച് പറഞ്ഞാല്‍ ശരിയാകുമോ എന്നാണ് അദ്ദേഹം ചോദിക്കുന്നത്. ലാറ്ററല്‍ എന്‍ട്രിയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവിനെ ജെഡിയു വളരെ ഗൗരവതരമെന്ന നിലയിലാണ് നോക്കികാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്‍ജെപി നേതാവും കേന്ദ്രമന്ത്രിയുമായ ചിരാഗ് പസ്വാനും തീരുമാനത്തിനെതിരെ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. സംശയത്തിന് പോലും ഇടയില്ലാത്ത വിധം തൊഴില്‍ സംവരണം രാജ്യത്ത് നടപ്പിലാക്കേണ്ടത് തന്നെയാണെന്ന് പസ്വാന്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പ്രതികരിച്ചു. താനും പാര്‍ട്ടിയും വിഷയത്തെ ശ്രദ്ധാപൂര്‍വം തന്നെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.