രണ്ട് നഴ്‌സറി വിദ്യാർത്ഥിനികൾ ബലാത്സംഗത്തിനിരയായി, ഒത്തുതീർക്കാൻ സ്‌കൂളും പൊലീസും, റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തടഞ്ഞു നാട്ടുകാർ

0
126

മഹാരാഷ്ട്രയിലെ ബദലാപൂരിൽ രണ്ട് നഴ്‌സറി സ്‌കൂൾ വിദ്യാർത്ഥിനികൾ സ്‌കൂളിൽ വെച്ച് ബലാത്സംഗത്തിനിരയായ സംഭവത്തിൽ വൻ പ്രതിഷേധം ഉയർന്നിരുന്നു. പ്രതിഷേധക്കാർ ട്രെയിൻ ഗതാഗതം തടഞ്ഞു. സംഭവത്തിൽ കേസെടുക്കാൻ വൈകിയതിന് പൊലീസ് ഇൻസ്പെക്ടറെ സ്ഥലം മാറ്റി.

ഇക്കഴിഞ്ഞ ഓഗസ്റ്റ് 12,13 തിയ്യതികളിലാണ് ബലദാപൂരിലെ ആദർശ് വിദ്യാമന്തിറിൽ കേസിനാസ്പദമായ സംഭവം നടന്നത്. സ്‌കൂളിലെ ശുചീകരണ തൊഴിലാളി ശുചിമുറിയിൽ വച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. കുട്ടികളുടെ പെരുമാറ്റത്തിൽ രക്ഷിതാക്കൾക്ക് സംശയം തോന്നിയതോടെയാണ് സംഭവം പുറത്തറിയുന്നത്. കാര്യങ്ങൾ വിശദമായി ചോദിച്ചറിഞ്ഞ ശേഷം കുട്ടികളെ ആശുപത്രിയിൽ എത്തിച്ച് ലൈംഗികാതിക്രമം സ്ഥിരീകരിച്ചു. എന്നാൽ പരാതിയുമായി സ്റ്റേഷനിലെത്തിയിട്ടും കേസെടുക്കാൻ പൊലീസ് മടിച്ചെന്ന് രക്ഷിതാക്കൾ ആരോപിക്കുന്നു . 12 മണിക്കൂറിലേറെ കാത്ത് നിന്ന ശേഷമാണ് എഫ്‌ഐആർ ഇട്ടതും പ്രതിയായ അക്ഷയ് ശിൻഡെ എന്ന 23കാരനെ പൊലീസ് അറസ്റ്റ് ചെയ്തതും.

പ്രതി ഈ മാസം ആദ്യമാണ് സ്‌കൂളിൽ ജോലിക്ക് ചേർന്നത്. സ്‌കൂളിലേക്ക് ഇന്ന് മാർച്ച് നടത്തിയ രക്ഷിതാക്കൾക്കൊപ്പം നാട്ടുകാരും ചേർന്നതോടെയാണ് വൻ പ്രതിഷേധമായത്. കേസ് ഒത്തുതീർക്കാൻ സ്‌കൂളും പൊലീസും എല്ലാം ശ്രമിച്ചെന്നാണ് ആരോപണം. പ്രതിഷേധക്കാർ ബദലാപൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തടഞ്ഞു. കേസെടുക്കാൻ വൈകിയതിന് ബദലാപൂർ സ്റ്റേഷനിലെ ഇൻസ്‌പെക്ടറെ സ്ഥലം മാറ്റിയിട്ടുണ്ട്.