കൊൽക്കത്തയിലെ ആർജി കാർ ആശുപത്രിയിൽ മെഡിക്കൽ പിജി വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൊവ്വാഴ്ച കേസ് പരിഗണിക്കും. സുപ്രീം കോടതിയുടെ സ്വമേധയാ ഇടപെടണമെന്ന് ആവശ്യപ്പെട്ട് രണ്ട് അഭിഭാഷകർ ഇന്നലെ ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു. വനിതാ ഡോക്ടറെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ വൻ പ്രതിഷേധമാണ് രാജ്യത്തുടനീളം നടക്കുന്നത്.
സുരക്ഷിതത്വം ആവശ്യപ്പെട്ടുകൊണ്ട് ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർ ദിവസങ്ങളായി പണിമുടക്കി തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ്. ആർജിക്കർ മെഡിക്കൽ കോളേജ് ആശുപത്രി നേരെ ആക്രമണവും നടന്നു. ഓഗസ്റ്റ് 9നാണ് കൊൽക്കത്ത ആർജി കാർ സർക്കാർ മെഡിക്കൽ കോളജിലെ സെമിനാർ ഹാളിൽ വച്ച് പിജി ഡോക്ടറെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്.
കഴുത്തിന്റെ എല്ല് പൊട്ടിയ നിലയിലായിരുന്നു. ശ്വാസംമുട്ടിച്ചു കൊല്ലുകയായിരുന്നുവെന്നാണു പ്രാഥമിക റിപ്പോർട്ട്. സംഭവത്തിന് പിന്നാലെ രാജ്യമെമ്പാടും ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. നിലവിൽ പൊലീസ് സിവിക് വളണ്ടിയര്‍ സഞ്ജയ് റോയി ആണ് കേസിൽ അറസ്റ്റിലായിട്ടുള്ളത്. കൽക്കട്ട ഹൈക്കോടതി ഇടപെടലിനെ തുടർന്ന് കേസന്വേഷണം സിബിഐ ഏറ്റെടുത്തു.