പെയ്തോങ്‌ടാൻ ഷിനവത്ര; തായ്‌ലൻഡിൻ്റെ പ്രധാനമന്ത്രി പദത്തിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞയാൾ

0
301

പെയ്തോങ്‌ടാൻ ഷിനവത്ര, വയസ്സ് 37. തായ്‌ലൻഡിൻ്റെ പുതിയ പ്രധാനമന്ത്രിയായി ഷിനവത്ര തെരഞ്ഞെടുക്കപ്പെട്ടിട്ട് രണ്ട് ദിവസം. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള ലോക നേതാക്കൾ ചുമതലയേറ്റ ഷിനവത്രയെ അഭിനന്ദിച്ചു. മാസങ്ങൾക്ക് മുമ്പ് നടന്ന പൊതുതെരഞ്ഞെടുപ്പിൽ ഷിനവത്രയുടെ ഫു തായ് പാർട്ടി രണ്ടാം സ്ഥാനത്തെത്തിയിരുന്നു.

തായ്‌ലൻ്റിലെ മുൻ പ്രധാനമന്ത്രി തക്‌സിൻ ഷിനാവത്രയുടെ മകളാണ് പെയ്തോങ്തൻ ഷിനാവത്ര. പൊതുതെരഞ്ഞെടുപ്പിൽ ഫ്യൂ തായ് പാർട്ടി രണ്ടാമതായതിന് പിന്നാലെ അച്ഛൻ്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചകളിലൂടെയാണ് സഖ്യകക്ഷി സ‍ർക്കാരിൻ്റെ രൂപീകരണത്തിലേക്ക് വഴിതുറന്നത്. കഴിഞ്ഞ വ‍ർഷം രാജ്യത്ത് നടന്ന പൊതുതെരഞ്ഞെടുപ്പിൽ ഫ്യൂ തായ് നേതാവ് സ്രേത തവിസിനാണ് പ്രധാനമന്ത്രിയായത്. ഓഗസ്റ്റ് 2023 നായിരുന്നു തെരഞ്ഞെടുപ്പ്. എന്നാൽ ക്രിമിനൽ പശ്ചാത്തലമുള്ളയാളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത് രാഷ്ട്രീയ ധാർമ്മികതയ്ക്ക് നിരക്കാത്ത പ്രവ‍ർത്തിയെന്ന് കുറ്റപ്പെടുത്തി അദ്ദേഹത്തെ രാജ്യത്തെ പരമോന്നത കോടതി അയോഗ്യനാക്കി.

രാജ്യത്ത് പ്രധാനമന്ത്രി പദത്തിലെത്തുന്ന ഷിനാവത്ര കുടുംബത്തിലെ മൂന്നാമത്തെയാളാണ് ഇപ്പോഴത്തെ പ്രധാനമന്ത്രി പെയ്തോങ്തൻ. തക്‌സിൻ ഷിനാവത്രയുടെ സഹോദരി യിങ്ലകായിരുന്നു മുൻപ് ഈ പദവിയിലെത്തിയ ഷിനാവത്ര കുടുംബാംഗം. എന്നാൽ സൈന്യം ഇരുവരെയും അധികാരത്തിൽ നിന്ന് പുറത്താക്കി. ഇക്കുറി രാജ്യത്ത് നടന്ന പൊതുതെരഞ്ഞെടുപ്പിൽ ഒരു രാഷ്ട്രീയ മാറ്റത്തിനായിരുന്നു ജനം വോട്ട് ചെയ്തത്. പുരോഗമന നിലപാടുള്ള മൂവ് ഫോർവേഡ് പാർട്ടി രാജ്യത്ത് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ഷിനാവത്ര കുടുംബത്തിൻ്റെയും സൈന്യത്തിൻ്റെയും ആധിപത്യം അവസാനിപ്പിക്കുകയായിരുന്നു ജനത്തിൻ്റെ ലക്ഷ്യം. എന്നാൽ അവരുടെ ആഗ്രഹത്തിന് വിപരീതമായി വീണ്ടും ഷിനാവത്ര കുടുംബാംഗം തന്നെ അധികാരത്തിലേറി.

ഏഴ് കോടി ജനസംഖ്യയുടള്ള രാജ്യത്ത് പ്രധാനമന്ത്രി പദത്തിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ് പെയ്തോങ്തൻ. യുകെയിൽ ഹോട്ടൽ മാനേജ്മെൻ്റ് പഠനം പൂർത്തിയാക്കിയ ശേഷം അച്ഛൻ തക്‌സിൻ്റെ റെൻഡെ ഹോട്ടൽ ഗ്രൂപ്പിനെ നയിക്കുകയായിരുന്നു. തന്നെ സ്വയം ഒരു മുതലാളിത്ത വാദിയായും ഉദാര സാമൂഹ്യ നിലപാട് ഉയ‍ർത്തിപ്പിടിക്കുന്നയാളായുമാണ് പെയ്തോങ്തൻ വിശേഷിപ്പിക്കുന്നത്. തായ്‌ലൻ്റിലെ പുതിയ സമത്വ വിവാഹ നിയമത്തെ പിന്താങ്ങുന്നുവെന്നും അവർ പറയുന്നു. എന്നാൽ രാജ്യത്ത് അതിശക്തമായ ഷിനാവത്ര കുടുംബത്തിൻ്റെ സ്വാധീനം അവരിലുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

രാഷ്ട്രീയത്തിലെത്തും മുൻപ് പൊലീസിലായിരുന്നു പെയ്തോങ്തനിൻ്റെ അച്ഛൻ തക്‌സിൻ. 75 വയസുകാരനായ അദ്ദേഹത്തിന് ഇന്ന് നിരവധി ബിസിനസ് സ്ഥാപനങ്ങൾ ഉണ്ട്. ജനക്ഷേമത്തിലൂന്നിയ അദ്ദേഹത്തിന്റെ നയങ്ങളാണ് അദ്ദേഹത്തെ പ്രിയങ്കരനാക്കി മാറ്റിയത്. രാജ്യത്തെ സമ്പന്ന വിഭാഗത്തോടും സൈന്യത്തോടും രാജവാഴ്ചയോടുമെല്ലാം കടുത്ത വിയോജിപ്പോടെ രാഷ്ട്രീയ പ്രവ‍ർത്തനം നടത്തിയ അദ്ദേഹത്തിന് ഗ്രാമ മേഖലകളിൽ ജനത്തിന്റെ വലിയ പിന്തുണ നേടാനായി. എന്നാൽ 2006 ൽ തക്‌സിൻ്റെ ബിസിനസ് സ്ഥാപനങ്ങൾ കൃത്യമായി നികുതി അടച്ചില്ലെന്ന് ആരോപിച്ച് സൈന്യം ഇടപെട്ട് അദ്ദേഹത്തെ അധികാരത്തിൽ നിന്ന് പുറത്താക്കുകയായിരുന്നു. യിങ്‌ലുക് അധികാരത്തിലെത്തിയത് 2011 ലായിരുന്നു. 2014 ൽ കോടതി വിധി എതിരായതോടെ യിങ്ലുക് പുറത്തായി. എന്നാൽ രാജ്യത്തെ നിരവധി പാർട്ടികളുടെ പിന്നിൽ പ്രവ‍ർത്തിച്ച് തക്‌സിൻ രാഷ്ട്രീയ കരുനീക്കങ്ങൾ തുടർന്നു.

നീണ്ട 15 വ‍ർഷത്തോളം വിദേശത്ത് കഴിഞ്ഞ അദ്ദേഹം താൻ തുടക്കത്തിൽ എതിർത്ത യാഥാസ്ഥിക നിലപാടുള്ള രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയോടെ സർക്കാർ രൂപീകരിച്ച് 2023 ലാണ് അധികാരത്തിലെത്തിയത്. കോടതി അദ്ദേഹത്തെ എട്ട് വർഷത്തേക്ക് ശിക്ഷിച്ചെങ്കിലും രാജാവ് മഹാ വജിറലോങ്‌കോൻ അദ്ദേഹത്തിന്റെ ശിക്ഷ വെട്ടിച്ചുരുക്കി ഒരു വ‍ർഷമാക്കി. ഈ വർഷം ഓഗസ്റ്റിൽ ശിക്ഷ 2 ആഴ്ചയാക്കി വീണ്ടും കുറച്ചു. തായ് ജനത്തിൻ്റെ അഭിലാഷത്തിന് വിരുദ്ധമായ രാഷ്ട്രീയ മുന്നണിയാണ് തക്‌സിൻ ചെറുപാർട്ടികളുടെ പിന്തുണയോടെ ഉണ്ടാക്കിയതെന്ന വിമർശനം ശക്തമാണ്. 2023 ലെ പൊതു തെരഞ്ഞെടുപ്പിൽ 500 സീറ്റുള്ള അധോസഭയിൽ 141 സീറ്റ് നേടി മൂവ് ഫോർവേഡ് പാർട്ടിയാണ് ഒന്നാമതെത്തിയത്. പിത ലിംജറോയ്ൻറത് എന്ന 42 കാരനായിരുന്നു എംഎഫ്പിയുടെ നേതാവ്. 2018 ലാണ് അവ‍ർ ആദ്യമായി പൊതു തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. എന്നാൽ 2020 ൽ തെരഞ്ഞെടുപ്പ് ചട്ടലംഘനം ആരോപിച്ച് പാർട്ടിയെ കോടതി വിധി പ്രകാരം പിരിച്ചുവിട്ടാണ് പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചത്.

ഇപ്പോൾ രാജ്യത്ത് പ്രധാനമന്ത്രി പദത്തിലെത്തിയ പെയ്തോങ്തൻ ഷിനാവത്രയും അച്ഛൻ തക്‌സിൻ്റെ സ്വാധീന വലയത്തിൽ തന്നെ പ്രവർത്തിക്കുമെന്നാണ് കരുതുന്നത്. എങ്കിലും മകളുടെ രാഷ്ട്രീയ നിലനിൽപ്പ് അച്ഛന് വലിയ വെല്ലുവിളി നിറഞ്ഞ ദൗത്യമാണ്. 1932 ന് ശേഷം 19ൽ അധികം രാഷ്ട്രീയ അട്ടിമറികൾക്ക് സാക്ഷിയായ രാജ്യത്ത് ഈ 37 കാരി ചരിത്രം സൃഷ്ടിക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.