ലൈംഗിക താല്പര്യത്തിന് വഴങ്ങാത്ത നടിമാർ ടോർച്ചറിനു വിധേയരാകുന്നു, ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്ത്

0
103

മലയാള സിനിമയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്ത്. സിനിമാ മേഖലയിൽ വ്യാപകമായ ലൈംഗികചൂഷണം നടക്കുന്നതായി ഹേമ കമ്മിറ്റി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അവസരം ലഭിക്കാൻ സംവിധായകരും നിർമ്മാതാക്കളും വിട്ടുവീഴ്ചയ്ക്ക് സ്ത്രീകളെ നിർബന്ധിക്കുന്നതായും റിപ്പോർട്ടിൽ പരാമർശമുണ്ട്.

ലിം​ഗ നീതി വേണമെന്നാണ് റിപ്പോർട്ടിന്റെ പ്രധാന ആവശ്യം. നൂറ്റാണ്ടുകളായി കുത്തക പോലെ ആൺ അധികാരം മലയാള സിനിമയിലുണ്ടെന്ന് റിപ്പോർ‌ട്ട്. ആദ്യം സിനിമയിൽ എത്തുമ്പോൾ തന്നെ ലൈംഗിക ആവശ്യങ്ങൾ പെൺകുട്ടികൾ നേരിടേണ്ടി വരുന്നുണ്ട്. 233 പേജുകളാണ് സർക്കാർ പുറത്തുവിട്ടിരിക്കുന്നത്. സിനിമയുടെ ഉള്ളടക്കത്തിൽ ലിം​ഗ നീതി ഉറപ്പാക്കണമെന്ന് റിപ്പോർ‌ട്ടിൽ പറയുന്നു.

വിട്ടുവീഴ്ച ചെയ്യാൻ‌ തായാറാകുന്നവർ അറിയപ്പെടുക കോഡ് പേരുകളിലെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ട് കണ്ടെത്തി. സെറ്റിൽ ഇതിനായി ഇടനിലക്കാരുണ്ടെന്നും റിപ്പോർട്ട്. സ്ത്രീകളെ സ്‌ക്രീനിൽ ചിത്രീകരിക്കുന്നതിൽ വലിയ പ്രശ്നം. തൊഴിലിടങ്ങളിലും യാത്രാവേളകളിലും താമസ ഇടങ്ങളിലും അടക്കം നടിമാർ ലൈംഗിക ചൂഷണത്തിന് വിധേയരാകുന്നുണ്ടെന്ന് റിപ്പോർ‌ട്ട്. ലൈംഗിക താല്പര്യത്തിന് വഴങ്ങാത്ത നടിമാർ ടോർച്ചറിനു വിധേയരാകുന്നു. മദ്യം മയക്കുമരുന്ന് ലഹരി ഉപയോഗിച്ച് മോശമായി പെരുമാറുന്നു. സിനിമാ ലൊക്കേഷനിൽ വൾഗർ കമന്റ്സ് നേരിടുന്നു. സിനിമാ മേഖലയിൽ പുറംമൂടി മാത്രമേയുള്ളൂ. വേതനത്തിൽ വിവേചനം നേരിടുന്നുണ്ടെന്നും റിപ്പോർ‌ട്ടിൽ പറയുന്നു.

താരങ്ങളെ ബഹുമാനിക്കാത്തവരെ സിനിമാ മേഖലയിൽ നിന്നും വിലക്കുന്നുവെന്ന് റിപ്പോർ‌ട്ടിൽ വെളിപ്പെടുത്തൽ. ആർത്തവ സമയത്ത് സ്ത്രീകൾ അടിസ്ഥാന സൗകര്യമില്ലാതെ ബുദ്ധിമുട്ടുന്നു.ശുചിമുറി പോലും ലഭിക്കുന്നില്ല. തങ്ങളെ വിലക്കിയെന്ന് പ്രമുഖ നടിമാർ പോലും മൊഴി നൽകി. കാര്യങ്ങൾ തുറന്ന് പറയുന്നവർക്ക് മോശം അനുഭവമാമെന്നും പലർക്കും ഭയമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ലൈംഗിക ഉപദ്രവം തുറന്നു പറഞ്ഞാൽ തൊഴിൽ നഷ്ടമാകുന്ന സാഹചര്യം ഉണ്ടാകുന്നുവെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ‌ പറയുന്നു.