പത്തനംതിട്ട; സ്കൂളിലെ പ്രധാന അധ്യാപികയ്ക്ക് യുവാവിന്റെ മർദ്ദനം

0
146

പിടിഎ യോഗത്തിന്റെ ഇടയിലേക്ക് കയറിവന്ന യുവാവിൻ്റെ മർദനത്തിൽ സ്കൂൾ അധ്യാപികയ്ക്ക് പരിക്കേറ്റു. പത്തനംതിട്ട കോഴികുന്നം കെഎച്ച്എംഎൽപി സ്കൂളിലെ പ്രധാന അധ്യാപിക ഗീതാ രാജുവിനെയാണ് യുവാവ് മർദിച്ചത്. സംഭവത്തിൽ കോഴികുന്നം സ്വദേശി വിഷ്ണു എസ് നായരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ വൈകിട്ട് 3.30 ഓടെയാണ് സംഭവം. പിടിഎ യോഗം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോഴായിരുന്നു കോഴിക്കുന്ന് സ്വദേശി വിഷ്ണു എസ് നായർ അസഭ്യവർഷവുമായി സ്കൂളിന് അകത്തേക്ക് എത്തിയത്. ഇത് തടയാൻ ശ്രമിച്ച അധ്യാപികയെ ആക്രമിക്കുകയായിരുന്നു. ആക്രമണം തടയാൻ ശ്രമിച്ച ഗീത രാജുവിന്റെ ഭർത്താവിനും മർദനമേറ്റതായി പരാതിയുണ്ട്. പിന്നെയും അസഭ്യവർഷവുമായി ഏറെനേരം സ്കൂളിനടുത്ത് തന്നെ തുടർന്ന യുവാവിനെ പൊലീസ് എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

മുൻപും ഇയാൾ സ്കൂളിൽ വന്ന് ബഹളം ഉണ്ടാക്കിയിട്ടുണ്ടെന്ന് അധ്യാപകരും ജീവനക്കാരും പറയുന്നു. എന്താണ് ആക്രമണ കാരണം എന്നതിനെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല .വിഷ്ണു എസ് നായരുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഉടൻതന്നെ കോടതിയിൽ ഹാജരാക്കും.