നാളെ കേരളത്തിൽ ഡോക്ടർമാരുടെ പണിമുടക്ക്; ഒപി, വാർഡ് ഡ്യൂട്ടി എന്നിവ ബഹിഷ്കരിക്കും

0
95

കൊൽക്കത്ത ആർജി കർ മെഡിക്കല് ​​കോളേജിലെ ജൂനിയര് ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില് പ്രതിഷേധിച്ച് നാളെ കേരളത്തില് ഡോക്ടർമാരുടെ പണിമുടക്ക്. നാളെ ഒപിയും വാർഡ് ഡ്യൂട്ടിയും ബഹിഷ്‌കരിക്കും. പിജി ഡോക്ടർമാരും സീനിയർ റസിഡൻ്റ് ഡോക്ടർമാരും സമരത്തിൽ പങ്കെടുക്കും. കേന്ദ്ര സംരക്ഷണ നിയമം നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് സമരം.

അതേസമയം അത്യാഹിത വിഭാഗങ്ങളിൽ സേവനം ഉണ്ടാകും. ജോയിന്റ് ആക്ഷൻ ഫോറത്തിന്റെ ഭാഗമായാണ് കേരളത്തിൽ കെഎംപിജിഎ സമരം പ്രഖ്യാപിച്ചത്. ശ്രീചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോക്ടർമാരും നാളെ സമരത്തിന്റെ ഭാഗമാകും. കെജിഎംഒ നാളെ പ്രതിഷേധ ദിനം ആചരിക്കും. ഓഗസ്റ്റ് 18 മുതൽ 31 വരെ ആരോഗ്യ സ്ഥാപനങ്ങളിൽ സുരക്ഷാ ക്യാമ്പയിൻ സംഘടിപ്പിക്കുമെന്നും കെജിഎഒ അറിയിച്ചു.

കേസ് സിബിഐ ഏറ്റെടുത്തിരുന്നു. കൊൽക്കത്ത ഹൈക്കോടതി ഉത്തരവ് അനുസരിച്ചാണ് നടപടി. ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട യുവ ഡോക്ടർ നേരിട്ടത് ക്രൂര പീഡനമെന്ന് പോസ്റ്റ്മോർട്ടം പുറത്തുവന്നിരുന്നു. സ്വകാര്യ ഭാഗങ്ങളിൽ അടക്കം മാരകമായ മുറിവുണ്ടെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ സെമിനാർ ഹാളിലാണ് ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. ചെസ്റ്റ് മെഡിസിൻ വിഭാഗത്തിലെ രണ്ടാം വർഷ വിദ്യാർഥിനിയായിരുന്നു കൊല്ലപ്പെട്ട ഡോക്ടർ. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.