സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; തൃശൂർ, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
87

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. 12 ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തൃശൂർ, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. എറണാകുളം ജില്ലയിൽ മലവെള്ളപ്പാച്ചിൽ, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ എന്നിവയ്ക്ക് സാധ്യതയെന്ന് ദുരന്ത നിവാരണ സേന മുന്നറിയിപ്പ് നൽകി.

അതേസമയം തിരുവനന്തപുരം നഗരത്തിൽ ശക്തമായ മഴയാണ് പെയ്യുന്നത്. അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴയ്ക്കൊപ്പം 55 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.