സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്ക്ക് സാധ്യത. അടുത്ത അഞ്ച് ദിവസത്തേക്ക് ഇടിയോടും മിന്നലോടും കൂടി ശക്തമായതോ അതിശക്തമായതോ ആയ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആലപ്പുഴ, കാസർകോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മഴ മുന്നറിയിപ്പ് നൽകി. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ പത്തനംതിട്ടയിലും ഇടുക്കിയിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് കേരളം നിരോധനം ഏർപ്പെടുത്തി.
തെക്കൻ ശ്രീലങ്കയ്ക്ക് മുകളിലായി പുതിയ ചക്രവാത ചുഴി രൂപപ്പെട്ടിട്ടുണ്ട്. റായലസീമ മുതൽ കോമറിൻ മേഖല വരെ ന്യൂനമർദ്ദ പാത്തിയും സ്ഥിതി ചെയ്യുന്നു. ഇതിന്റെ ഫലമായി സംസ്ഥാനത്ത് മഴ കനക്കാനാണ് സാധ്യത. അഞ്ചുദിവസം സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വ്യാഴാഴ്ച വരെ അതിശക്തമായ മഴയ്ക്കും ശനിയാഴ്ചവരെ ശക്തമായ മഴയ്ക്കും സാധ്യത ഉണ്ട്. മഴ ശക്തമാകാൻ സാധ്യത ഉള്ളതിനാൽ ആലപ്പുഴയും, കാസർഗോഡും ഒഴികെയുള്ള മുഴുവൻ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ് ഉണ്ട്. പത്തനംതിട്ടയിലും ഇടുക്കിയിലും മഴ അതിശക്തമായേക്കും. രണ്ടും ജില്ലകളിലും ഇന്ന് ഓറഞ്ച് അലേർട്ട് ആണ്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. എറണാകുളത്തും, തൃശൂരും നാളെ ഓറഞ്ച് അലർട്ട് ആണ്. അപകട മേഖലകളിൽ ഉള്ളവർ ജാഗ്രത പാലിക്കണം എന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരള ലക്ഷ ദ്വീപ് തീരങ്ങളിൽ 55 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത ഉള്ളതിനാൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.