‘സെബിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടു, ജെപിസി അന്വേഷണത്തെ മോദി ഭയപ്പെടുന്നു’; മോദിയെ വിമർശിച്ച് രാഹുൽ ഗാന്ധി

0
133

ഹിൻഡൻബർഗ് റിപ്പോർട്ട് വെളിപ്പെടുത്തിയതിന് തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് രാഹുൽ ഗാന്ധി. ജെപിസി അന്വേഷണത്തെ മോദി ഭയപ്പെടുന്നുവെന്നായിരുന്നു രാഹുലിൻ്റെ വിമർശനം. സെബിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു. എന്തുകൊണ്ടാണ് സെബി ചെയർപേഴ്സൺ രാജിവെക്കാത്തതെന്ന് അദ്ദേഹം ചോദിച്ചു.

നിക്ഷേപകർക്ക് പണം നഷ്ടപ്പെട്ടാൽ ഉത്തരവാദി ആര് എന്ന് രാഹുൽ ​ഗാന്ധി ചോദിച്ചു. സുപ്രിംകോടതി സ്വമേധയ വിഷയം പരിഗണിക്കുമോ എന്നും രാഹുൽ ചോദിച്ചു. സംയുക്ത പാർലമെൻ്ററി അന്വേഷണത്തോട് സർക്കാർ ഇതുവരെ പ്രതികരിക്കാത്തത് എന്തുകൊണ്ടെന്ന് വ്യക്തമായെന്നും രാഹുൽ ഗാന്ധി പറഞ്ഞു. സംയുക്ത പാർലമെൻററി സമിതി രൂപീകരിച്ച് മുഴുവൻ ഇടപാടുകളിലും അന്വേഷണം വേണമെന്നാണ് കോൺഗ്രസിൻറെ നിലപാട്.

അദാനി ഗ്രൂപ്പുമായി ബന്ധമുള്ള കടലാസ് കമ്പനികളിൽ മാധബിയും ഭർത്താവും നിക്ഷേപം നടത്തിയിട്ടുണ്ടെന്നാണ് ഹിൻഡൻബർഗിൻ്റെ ഏറ്റവും പുതിയ വെളിപ്പെടുത്തൽ. ബർമുഡ, മൗറീഷ്യസ് എന്നിവിടങ്ങളിലെ കടലാസ് കമ്പനികളിൽ ഇവർ നിക്ഷേപം നടത്തിയെന്നും ഈ കമ്പനികൾ പിന്നീട് അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട ഇടപാടുകളിൽ പങ്കാളികളായെന്നുമാണ് ഹിൻഡൻബർഗ് ആരോപിക്കുന്നത്.

വിദേശനിക്ഷേപം എത്തിയെന്ന പേരിൽ നിക്ഷേപകരെ കബളിപ്പിച്ച് ഓഹരി വില പെരുപ്പിച്ചുവെന്നാണ് ഹിൻഡൻബർഗ് നേരത്തെ ആരോപിച്ചത്. ഈ ആരോപണത്തിൽ അദാനി ഗ്രൂപ്പിനെതിരെ രാജ്യത്ത് സെബി കാര്യമായ അന്വേഷണങ്ങൾ നടത്തിയിരുന്നില്ല. സംഭവത്തിൽ ഹിൻഡൻബർഗിനോട് വിശദീകരണം തേടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ മാധബിക്കെതിരെ ആരോപണമുന്നയിച്ച് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.