യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി ഇസ്രായേലിലേക്ക് തങ്ങളുടെ വിമാനങ്ങൾ സർവീസ് നടത്തില്ല; എയർ ഇന്ത്യ

0
156

ഇസ്രായേൽ-ഇറാൻ സംഘർഷ സാധ്യത കണക്കിലെടുത്ത് ടെൽ അവീവിലേക്കുള്ള എല്ലാ വിമാനങ്ങളുടെയും റദ്ദാക്കൽ എയർ ഇന്ത്യ നീട്ടിയിട്ടുണ്ട്. മിഡിൽ ഈസ്റ്റിൽ സമാധാന അന്തരീക്ഷം ഉണ്ടാകുന്നത് വരെ ഇസ്രായേലിലേക്ക് തങ്ങളുടെ വിമാനങ്ങൾ സർവീസ് നടത്തില്ലെന്ന് എയർലൈൻ ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.

ഇത് സംബന്ധിച്ച് സമൂഹ മാധ്യമമായ എക്സിൽ എയർ ഇന്ത്യ ട്വീറ്റ് ചെയ്തിട്ടുണ്ട്. സ്ഥിതിഗതികൾ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് ഈ തീരുമാനമെന്നും കമ്പനി വ്യക്തമാക്കുന്നു. വിമാനങ്ങൾ റദ്ദാക്കിയതും ടിക്കറ്റ് റീഫണ്ടുകളും സംബന്ധിച്ച് യാത്രക്കാർക്ക് സംശയങ്ങൾ 011-69329333 എന്ന നമ്പറിലോ 011-69329999 എന്ന നമ്പറിലോ വിളിച്ച് ദുരീകരിക്കാവുന്നതാണെന്ന് എയർ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. ഈ നമ്പറുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നവയാണ്.

ഓഗസ്റ്റ് 2 നാണ് മേഖലയിലെ സംഘർഷ സാഹചര്യം കണക്കിലെടുത്ത് വിമാന സർവീസുകൾ ആദ്യം നിർത്തിയത്. എട്ടാം തീയതി വരെ സർവീസ് നടത്തില്ലെന്നായിരുന്നു അന്ന് വ്യക്തമാക്കിയത്. എന്നാൽ സ്ഥിതി മാറിയിട്ടില്ലാത്തതിനാലാണ് സർവീസ് റദ്ദാക്കിയത് നീട്ടിയത്. ഹമാസ് നേതാവ് ഇസ്മായിൽ ഹനിയേയുടെ കൊലപാതകത്തെ തുടർന്ന് മേഖലയിൽ സംഘർഷം രൂക്ഷമാണ്.