ഒളിമ്പിക്‌സ് ജാവലിൻ ത്രോയിൽ സ്വർണം നേടിയ പാക്കിസ്ഥാൻ്റെ അർഷാദ് നദീം തനിക്ക് മകനെപ്പോലെയാണെന്ന് നീരജ് ചോപ്രയുടെ അമ്മ സരോജ് ദേവി. “വെള്ളി മെഡൽ നേടിയതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്, അത് സ്വർണ്ണത്തിന് തുല്യമായി കണക്കാക്കപ്പെടുന്നു, പരുക്കിന്റെ പിടിയിലായിരുന്നു അവൻ. അതിൽ നിന്ന് തിരിച്ചുവന്നാണ് ഈ നേട്ടം. സ്വർണം നേടിയ കുട്ടിയും ഞങ്ങളുടെ മകൻ തന്നെയാണെന്നും നീരജിന്റെ മാതാവ് പറഞ്ഞു. ഒളിമ്പിക്‌സ് റെക്കോർഡ് പ്രകടനം നടത്തിയാണ് പാക് താരം ജാവലിനിൽ സ്വർണം സ്വന്തമാക്കിയത്.
സ്വർണമെഡൽ നേടിയ അർഷാദ് നദീമിനെ നീരജ് ചോപ്രയും അഭിനന്ദിച്ചു. കഴിഞ്ഞ എട്ട് വർഷത്തിനിടെ ആദ്യമായാണ് നീരജ് പാക് താരത്തിന് മുന്നിൽ കീഴടങ്ങുന്നത്. ചരിത്രത്തിൽ പാകിസ്താൻ നേടുന്ന ആദ്യ വ്യക്തിഗത മെഡലും ഇതുതന്നെയാണ്.
പാകിസ്താന്റെ 32 വർഷമായുള്ള ഒളിമ്പിക് മെഡൽ വരൾച്ചക്കാണ് നദീം ജാവലിനിലൂടെ അറുതി വരുത്തിയത്. ഫൈനലിൽ രണ്ട് തവണയാണ് നദീം 90 മീറ്ററിന് മുകളിൽ എറിഞ്ഞത്. 92.97 എന്ന ഒളിമ്പിക് റെക്കോർഡും കരിയർ ബെസ്റ്റും പാരീസിൽ സ്വന്തമാക്കി.