വയനാട് ദുരന്തമേഖലയിൽ കാണാതായവരുടെ ബന്ധുക്കളെ ഉള്‍പ്പെടുത്തി ഇന്ന് ജനകീയ തിരച്ചിൽ

0
59

ദുരന്തത്തിൻ്റെ പതിനൊന്നാം ദിവസമായ ഇന്ന് വയനാട് ദുരന്തബാധിത മേഖലയിൽ ജനകീയ തിരച്ചിൽ. ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടവരെയും പബ്ലിക് സെർച്ചിൽ ഉൾപ്പെടുത്തും. ചൂരൽമല മുണ്ടക്കൈ പുഞ്ചിരി മട്ടം ഭാഗങ്ങളിൽ രാവിലെ എട്ടു മുതൽ 11 വരെയാണ് തിരച്ചിൽ. അഗ്നിശമന സേനാംഗങ്ങളും എൻഡിആർഎഫും സന്നദ്ധ പ്രവർത്തകരും തിരച്ചിലിൽ പങ്കാളികളാകും.

ഉരുൾപൊട്ടൽ ദുരന്തത്തിന് തൊട്ടടുത്ത ദിവസം മുതൽ മേഖലയിൽ രക്ഷാപ്രവർത്തനത്തിന് എത്തിയ സൈന്യം ഇന്നലെ മടങ്ങിയിരുന്നു. പ്രദേശവാസികളെ കൂടി പങ്കെടുപ്പിച്ചുള്ള ജനകീയ തിരച്ചിലിൽ ആരെയെങ്കിലും കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. രാവിലെ ക്യാമ്പുകളിൽ നിന്ന് ബസ് മാർഗം ആയിരിക്കും ഇവരെ ദുരന്ത ഭൂമിയിലേക്ക് എത്തിക്കുക .

അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്ന നാളെ കർശന നിയന്ത്രണങ്ങളാണ് വയനാട്ടിൽ ഏർപ്പെടുത്തിയിരിക്കുന്നത്. രാവിലെ 11.20 ന് കണ്ണൂര്‍ വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററില്‍ കല്‍പ്പറ്റയിലെത്തും. ദുരന്തഭൂമി സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി വ്യോമനിരീക്ഷണവും നടത്തും. വൈകിട്ട് 3.45 ന് കണ്ണൂരില്‍ നിന്നു ഡല്‍ഹിക്കു മടങ്ങും.

അതേസമയം, വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇക്കാര്യം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ അനുകൂല നടപടി പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി.