കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ ശിക്ഷിക്കപ്പെടുന്നത് വളരെ കുറവാണെന്ന് ചൂണ്ടിക്കാട്ടി, പ്രോസിക്യൂഷൻ നടപടികളിൽ നിലവാരം പുലർത്താൻ സുപ്രീം കോടതി ഇഡിയോട് ആവശ്യപ്പെട്ടു. കള്ളപ്പണ കേസിൽ അറസ്റ്റിലായ ഛത്തീസ്ഗഢിലെ വ്യവസായിയുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഇക്കാര്യം ആവശ്യപ്പെട്ടത്.
പത്തുവർഷത്തിനിടെ രാജ്യത്ത് കള്ളപ്പണം വെളുപ്പിക്കൽ തടയൽ (പി.എം.എൽ.എ.) നിയമപ്രകാരം രജിസ്റ്റർചെയ്ത 5297 കേസുകളിൽ ശിക്ഷിച്ചത് വെറും 40 എണ്ണത്തിൽ മാത്രമാണെന്ന് കേന്ദ്രസർക്കാർ പാർലമെന്റിൽ അറിയിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സൂര്യകാന്തിന്റെ പരാമർശമുണ്ടായത്. പ്രോസിക്യൂഷനിലെയും തെളിവുകളിലെയും നിലവാരക്കുറവാണ് ഇതിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു.
പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് തോന്നുമ്പോഴാണ് ഇ.ഡി. കേസെടുക്കുന്നത്. എന്നാൽ അത് കോടതിയിൽ തെളിയിക്കുകയും വേണമെന്ന് സുപ്രീംകോടതി പറഞ്ഞു. ഛത്തീസ്ഗഢിലെ ബിസിനസുകാരന്റെ കേസിൽത്തന്നെ ചിലർ നൽകിയ മൊഴിയുടെയും മറ്റും അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. മൊഴിനൽകിയവർ അതിൽ ഉറച്ചുനിൽക്കുമോയെന്നുപോലും വ്യക്തമല്ലെന്നും കോടതി പറഞ്ഞു. പി.എം.എൽ.എ. നിയമപ്രകാരം മൊഴിതന്നെ തെളിവായെടുക്കാമെന്ന് ഇ.ഡി.ക്കുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു ചൂണ്ടിക്കാട്ടി. എന്നാൽ അറസ്റ്റുചെയ്യുന്ന ഇ.ഡി. ഉദ്യോഗസ്ഥന് കേസുണ്ടെന്ന് വിശ്വസിക്കാനുള്ള കാരണങ്ങളുണ്ടായിരിക്കണമെന്ന് ജസ്റ്റിസ് ദീപാങ്കർ ദത്ത ഓർമ്മിപ്പിച്ചു.