വയനാട് ജില്ലക്ക് പുറമെ കോഴിക്കോടും പാലക്കാടും ഭൂമിക്കടിയിൽ നിന്ന് അസാധാരണമായ വലിയ ശബ്ദം

0
92

വയനാട് ജില്ലയിലെ വിവിധ ഭാ​ഗങ്ങളിലും കോഴിക്കോട്ടും അസാധാരണ ശബ്ദങ്ങൾ കേട്ട് ജനങ്ങൾ പരിഭ്രാന്തരായതിന് പിന്നാലെ പാലക്കാട് ഒറ്റപ്പാലത്ത് വിവിധ സ്ഥലങ്ങളിൽ നിന്ന് വലിയ ശബ്ദം കേട്ടതായും നാട്ടുകാർ പറഞ്ഞു. ഒറ്റപ്പാലം താലൂക്കിലെ ചളവറ, പുലക്കുന്ന്, ലക്കിട്ടി, അകലൂർ, പനമണ്ണ, കോതകുർശ്ശി, വാണിയംകുളം, പനയൂർ, വരോട്, വീതംപാറ പ്രദേശങ്ങളിൽ അസാധാരണമായ വലിയ ശബ്ദം കേട്ടതായി നാട്ടുകാർ പറഞ്ഞു. രാവിലെ 10.30 ഓടെ ഇടിമുഴക്കം പോലെയുള്ള ഭയങ്കര ശബ്ദം കേട്ടതായി നാട്ടുകാർ പറയുന്നത്.

രാവിലെ ശബ്ദം കേട്ട ശേഷം പ്രദേശത്ത് മറ്റ് പ്രകമ്പനങ്ങളോ അസാധാരണ ശബ്ദങ്ങളോ ഉണ്ടായിട്ടില്ലെന്നും നാട്ടുകാർ പറയുന്നു. ഒരുതരത്തിലും ആശങ്കപ്പെടേണ്ട സാഹചര്യം നിലനിൽക്കുന്നില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

വയനാട്ടിലെ വൈത്തിരി, പൊഴുതന, വെങ്ങപ്പള്ളി, നെൻമേനി, അമ്പലവയൽ പഞ്ചായത്തുകളിലെ പ്രദേശങ്ങളിലാണ് വലിയ മുഴക്കവും നേരിയ കുലുക്കവും റിപ്പോ‍‍ർട്ട് ചെയ്തിരിക്കുന്നത്. രാവിലെ 10 മണിയോടെയാണ് സംഭവം. ജിയോളജിക്കൽ സ‍ർവേ ഓഫ് ഇന്ത്യ സംഭവം സ്ഥിരീകരിച്ചു. എന്നാൽ പ്രദേശത്ത് ഭൂകമ്പ സൂചനകളില്ലെന്ന കേരള ഡിസാസ്റ്റർ മാനേജ്മെൻറ് അതോറിറ്റി അറിയിച്ചു. കോഴിക്കോട് കൂടരഞ്ഞിയിലും ഇടിമുഴക്കം പോലെ ഉ​ഗ്രശബ്ദം കേട്ടതായി നാട്ടുകാർ പറഞ്ഞിരുന്നു.