ഇത് ചരിത്രം; ഒളിമ്പിക്‌സ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ വനിതാ ഗുസ്തി താരമായി വിനീഷ് ഫോഗട്ട്

0
168

ഇന്ത്യൻ താരം വിനേഷ് ഫോഗട്ട് ഒളിമ്പിക്സിൽ ചരിത്രം കുറിച്ചു. 50 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ഫൈനലിലെത്തി മെഡൽ ഉറപ്പിച്ചു. ക്യൂബൻ താരം ഗുസ്മാൻ ലോപ്പസിനെയാണ് വിനേഷ് സെമിയിൽ പരാജയപ്പെടുത്തിയത്. ഇതാദ്യമായാണ് ഒരു ഇന്ത്യൻ വനിത ഒളിമ്പിക് ഗുസ്തിയിൽ ഫൈനലിലെത്തുന്നത്.

ക്യൂബന്‍ താരത്തെ ആധികാരികമായി 05-01 എന്ന സ്‌കോറിലാണ് വിനേഷ് തോല്‍പ്പിച്ചത്. ക്വാര്‍ട്ടറില്‍ ലോക ഒന്നാം നമ്പര്‍ താരത്തെ തോല്‍പ്പിച്ചെത്തിയതിന്റെ ആത്മവിശ്വാസം ഇന്ന് വിനേഷില്‍ പ്രകടമായിരുന്നു. ഒളിംപിക്‌സ് ഗുസ്തിയില്‍ ഇന്ത്യയ്ക്ക് വലിയ പാരമ്പര്യമാണുള്ളത്. ഇന്ത്യ ഇതുവരെ രണ്ടുവെള്ളിയും അഞ്ച് വെങ്കലവുമുള്‍പ്പെടെ ഏഴ് മെഡലുകളാണ് നേടിയിട്ടുള്ളത്. ഇന്ത്യയ്ക്ക് ആദ്യമായി ഗുസ്തിയില്‍ സ്വര്‍ണം കിട്ടുമോ എന്ന കാത്തിരിപ്പാണ് ഇനി. നാളെ രാത്രിയാണ് ഫൈനല്‍ പോരാട്ടം നടക്കുക.

ബജ്‌റംഗ് പുനിയ, സാക്ഷി മാലിക് എന്നിവര്‍ക്കൊപ്പം ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണെതിരെ ദില്ലിയില്‍ സമരം നയിച്ചത് വിനേഷ് ഫൊഗട്ടായിരുന്നു. വനിതാ താരങ്ങള്‍ക്കെതിരായ ലൈംഗികാതിക്രമ പരാതി ഉന്നയിച്ചായിരുന്നു സമരം. പാര്‍ലമെന്റിലേക്ക് ഇവര്‍ നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞതും താരങ്ങളെ അറസ്റ്റ് ചെയ്തതും വലിയ മാധ്യമശ്രദ്ധ നേടിയിരുന്നു.