വയനാട്ടിൽ ദുരന്തത്തിനിരയായ ജനങ്ങളെ അപമാനിച്ച് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി; ആഞ്ഞടിച്ച് മുഖ്യമന്ത്രി

0
103

കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് വയനാട്ടിൽ ദുരന്തത്തിനിരയായ ജനങ്ങളെ അപമാനിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണത്തിൻ്റെ ഒത്താശയോടെയുള്ള അനധികൃത ജനവാസവും ഭൂമി കൈയേറ്റവും അനധികൃത ഖനനവുമാണ് മുണ്ടക്കൈയിലെ ഉരുൾപൊട്ടലിന് കാരണമായതെന്ന കേന്ദ്രമന്ത്രിയുടെ വിമർശനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ദുരന്തത്തിൽ മണ്ണടിഞ്ഞ എസ്റ്റേറ്റ് തൊഴിലാളികളും ചെറിയ തുണ്ടുഭൂമിയിൽ ജീവിച്ച സാധാരണമനുഷ്യരുമാണോ അനധികൃത കുടിയേറ്റക്കാരെന്ന് മുഖ്യമന്ത്രി ചോദിച്ചു. മലയോരമേഖലയെക്കുറിച്ച് ചെറിയധാരണയെങ്കിലുമുള്ളവർക്ക് അവിടെ ജീവിക്കുന്നവരെ അനധികൃത കുടിയേറ്റക്കാരായി മുദ്രകുത്താനാവില്ല. നൂറ്റാണ്ടുകളുടെ പഴക്കമുള്ളതാണ് കേരളത്തിലെ മലയോരമേഖലയിലെ കുടിയേറ്റം. അതേക്കുറിച്ചൊന്നും യാതൊരു ധാരണയുമില്ലാതെ മലയോരജനതയെ കേന്ദ്രമന്ത്രി കുടിയേറ്റക്കാരെന്ന ഒരൊറ്റ അച്ചിൽ ഒതുക്കുന്നത് ഔചിത്യമല്ല.

അനധികൃതഖനനം നടന്നതിനാൽ ഉരുൾപൊട്ടിയെന്നാണ് മറ്റൊരു വിചിത്രവാദം. മണ്ണിടിച്ചിൽമേഖലയിൽനിന്നും അടുത്ത ക്വാറിയിലേക്ക് 10.2 കിലോമീറ്റർ ദൂരമുണ്ട്. ഇതാണ് സത്യമെന്നിരിക്കേ എന്തിനാണ് കേന്ദ്രമന്ത്രി തെറ്റായകാര്യങ്ങൾ അവതരിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. ദുരന്തസന്ദർഭത്തെ സങ്കുചിതതാത്‌പര്യങ്ങൾക്കുവേണ്ടി ഉപയോഗിക്കുന്നത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.