ബംഗ്ലാദേശിലെ പ്രക്ഷോഭത്തിന് പിന്നിൽ പാക് ചാരസംഘടനയായ ഐഎസ്ഐയാണെന്ന് ഇൻ്റലിജൻസ് റിപ്പോർട്ട്

0
149

ബംഗ്ലാദേശിലെ സംവരണ വിരുദ്ധ സമരവും ഭരണ അട്ടിമറിയിലേക്ക് നയിച്ച അക്രമാസക്തമായ സമരവും ആസൂത്രിത നീക്കത്തിൻ്റെ ഭാഗമാണെന്ന് ഇൻ്റലിജൻസ് റിപ്പോർട്ട്. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ നിലവിലെ പ്രസിഡൻ്റും ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകനുമായ താരിഖ് റഹ്മാൻ പാക് ചാരസംഘടനയായ ഐഎസ്ഐയുമായി നടത്തിയ സംഘടിത നീക്കത്തിൻ്റെ ഭാഗമാണിതെന്ന് സംശയിക്കുന്നു. സൗദി അറേബ്യ ആസ്ഥാനമായുള്ള ഐഎസ്ഐ ഉദ്യോഗസ്ഥരും താരിഖ് റഹ്മാനും ലണ്ടനിൽ നടത്തിയ കൂടിക്കാഴ്ചയുടെ തെളിവുകളും ബംഗ്ലാദേശ് ഇൻ്റലിജൻസ് സർവീസ് ശേഖരിച്ചിട്ടുണ്ട്. അതേസമയം, എല്ലാ സഹായവും നൽകി ചൈനയും എല്ലാത്തിനും പിന്നിൽ പ്രവർത്തിച്ചതായി ഇൻ്റലിജൻസ് റിപ്പോർട്ട് പറയുന്നു.

സമൂഹ മാധ്യമമായ എക്സിൽ പാക്കിസ്ഥാനി ഹാൻഡിലുകൾ വഴി ഷെയ്ഖ് ഹസീന സർക്കാരിനെതിരെ സംഘടിതമായ സൈബർ ആക്രമണം നടന്നുവെന്നും ഇത് രാജ്യത്തെ യുവാക്കളെ രോഷാകുലരാക്കുന്നതിന് കാരണമായെന്നുമാണ് റിപ്പോർട്ട് പറയുന്നത്. ഹസീന സർക്കാരിനെ താഴെയിറക്കി രാജ്യത്ത് ബിഎൻപിയെ അധികാരത്തിലേറ്റുകയായിരുന്നു പാക് ഐഎസ്ഐയുടെ ലക്ഷ്യം. ഐഎസ്ഐക്ക് പിന്നിൽ ചൈനയും കാര്യമായ ഇടപെടൽ നടത്തി.

തൊഴിൽ ആവശ്യപ്പെട്ടും സംവരണത്തിനെതിരെയും നടന്ന പ്രക്ഷോഭത്തിൽ ആദ്യം 300 ലേറെ പേർ കൊല്ലപ്പെട്ടിരുന്നു. ജമാഅതെ ഇസ്ലാമി ബംഗ്ലാദേശിൻ്റെ വിദ്യാർത്ഥി വിഭാഗമായ ഇസ്ലാമി ഛത്ര ശിബിറാണ് പ്രതിഷേധങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച നിർണായക ശക്തി. ഇവർക്ക് ആവശ്യമായ എല്ലാ പിന്തുണയും ഐഎസ്ഐയിൽ നിന്ന് ലഭിച്ചു.

വിദ്യാർത്ഥി സമരത്തെ രാഷ്ട്രീയ ലക്ഷ്യത്തോടെ മുന്നോട്ട് നയിച്ച് സർക്കാരിനെ താഴെയിറക്കുകയായിരുന്നു ജമാഅതെ ഇസ്ലാമിയുടെ ലക്ഷ്യം. മാസങ്ങളോളമായി ഇതിന് വേണ്ടി ഇസ്ലാമി ഛത്ര ശിബിർ അംഗങ്ങൾക്ക് പരിശീലനം നൽകിയിരുന്നു. പാക്കിസ്ഥാനിൽ പ്രവർത്തിക്കുന്ന ചൈനീസ് ഉദ്യോഗസ്ഥരാണ് ഇതിന് വേണ്ട എല്ലാ സാമ്പത്തിക സഹായവും ഉറപ്പാക്കിയതെന്നും റിപ്പോർട്ടിലുണ്ട്.