ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വിസ റദ്ദാക്കി യുഎസ്. ബംഗ്ലാദേശ് പ്രതിപക്ഷത്തെ ഉദ്ധരിച്ച് വിവിധ ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഹസീനയെ പുറത്താക്കിയതിൽ അമേരിക്ക ഉൾപ്പെടെയുള്ള വിവിധ പാശ്ചാത്യ രാജ്യങ്ങൾക്കു പങ്കുണ്ട് എന്ന ആരോപണത്തിനു പിന്നാലെയാണ് വിസ പിൻവലിക്കൽ.
രാജിവെച്ച് ഇന്ത്യയിലേക്ക് പലായനംചെയ്ത ഹസീന നിലവിൽ ഗാസിയാബാദിലെ ഹിൻഡൺ വ്യോമതാവളത്തിലാണ് ഉള്ളത്. ഇവിടെന്ന് എതെങ്കിലും യൂറോപ്യൻ രാജ്യത്തേക്ക് പോകാനായിരുന്നു ഹസീനയുടെ പദ്ധതി. എന്നാൽ, അവർക്ക് അഭയം നൽകാൻ യു.കെ. തയ്യാറല്ലെന്നാണ് സൂചന. ഇതോടെ അവരുടെ രാഷ്ട്രീയ അഭയകേന്ദ്രത്തിന്റെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.
രാഷ്ട്രീയ അഭയത്തിന്റെ കാര്യത്തിൽ തീരുമാനമാവുന്നത് വരെ ഹസീന ഹിൻഡൺ വ്യോമതാവളത്തിൽ തുടരും. ബംഗ്ലാദേശിലെ അക്രമാസക്തമായ ഭരണവിരുദ്ധപ്രക്ഷോഭത്തിനിടെ സഹോദരിക്കൊപ്പമാണ് ഷെയ്ഖ് ഹസീന തിങ്കളാഴ്ച ബംഗ്ലാദേശ് വിട്ടത്. സഹോദരി രെഹാനയ്ക്ക് യു.കെ. പൗരത്വമുണ്ട്. ഇവർ ഹസീനയ്ക്കുമുമ്പേ ഇന്ത്യ വിട്ടേക്കും.
ബംഗ്ലാദേശിന്റെ സൈനികവിമാനത്തിലാണ് ഹസീനയും രെഹാനയും ഇന്ത്യയിലെത്തിയത്. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും മുതിർന്ന സൈനിക ഉദ്യോഗസ്ഥരും നേരിട്ട് വിമാനത്താവളത്തിലെത്തി ഹസീനയ്ക്ക് പൂർണ സുരക്ഷ വാഗ്ദാനം ചെയ്തിരുന്നു.