രക്ഷാപ്രവർത്തനത്തിന് കേരള സമൂഹം കാട്ടിയ ഒത്തൊരുമ ഒരു മാതൃകയാണ്; മുഖ്യമന്ത്രി

0
93

വയനാട് ദുരന്തം എല്ലാവരുടെയും മനസ്സിലെ വേദനയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രക്ഷാപ്രവർത്തനത്തിന് കേരള സമൂഹം കാട്ടിയ ഒത്തൊരുമ ഒരു മാതൃകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എസ്എപി, കെഎപി പൊലീസ് അംഗങ്ങളുടെ പാസിങ് ഔട്ട് പരേഡിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരള പോലീസിന്റെ കരുതൽ നാട് മുൻപും അനുഭവിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കേരള പോലീസ് അസോസിയേഷൻ എസ്എപി ജില്ല കമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതശ്വാസ നിധിയിലേക്ക് ഒന്നര ലക്ഷം രൂപ കൈമാറുകയും ചെയ്തു. അതേസമയം ദുരന്തഭൂമിയിൽ എട്ടാം ദിനവും തിരച്ചിൽ തുടരുകയാണ്. സൂചിപാറയിലെ സൺറൈസ് വാലി കേന്ദ്രീകരിച്ചുകൊണ്ട് ഇന്ന് തെരച്ചിൽ നടത്തും. വനം വകുപ്പ്,ഉദ്യോഗസ്ഥരും പൊലീസും ഫയർഫോഴ്സും എൻഡിആർഎഫും സ്ഥലത്തെത്തി തിരച്ചിലിന്റെ ഭാഗമാകും.

ദുരന്തത്തിൽ‌ മരിച്ചവരുടെ മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് ഹാരിസൺ പ്ലാന്റേഷന്റെ 50 സെൻറ് ഭൂമി കൂടി ദുരന്തനിവാരണ നിയമം അനുസരിച്ച് ജില്ലാ കലക്ടർ ഏറ്റെടുക്കും. ഇന്നലെ സംസ്കരിച്ചത് 30 മൃതദേഹങ്ങളും 150 ലേറെ ശരീരഭാഗങ്ങളും കൂടിയാണ്. മേപ്പാടി പഞ്ചായത്തിലെ 10 ,11 ,12 വാർഡുകൾ ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ട്.