ഉരുൾപൊട്ടലിൽ കാണാതായവർക്കുള്ള തിരച്ചിൽ എട്ടാം ദിവസത്തിലേക്ക്; ഇന്ന് സൺറൈസ് വാലി കേന്ദ്രീകരിച്ച് തിരച്ചിൽ

0
101

ചൂരൽമലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുൾപൊട്ടലിൽ കാണാതായവർക്കുള്ള തിരച്ചിൽ എട്ടാം ദിവസത്തിലേക്ക്. സൂചിപ്പാറയിലെ സൺറൈസ് വാലി കേന്ദ്രീകരിച്ച് ഇന്ന് തിരച്ചിൽ നടത്തും. വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും ഫയർഫോഴ്‌സും എൻഡിആർഎഫും സ്ഥലത്തെത്തി തെരച്ചിലിൻ്റെ ഭാഗമാകും. ചാലിയാറിൻ്റെ വിവിധ പ്രദേശങ്ങളിൽ ഹെലികോപ്റ്റർ സംവിധാനം ഉപയോഗിച്ചാണ് പരിശോധന നടത്തുന്നത്. സൂചിപ്പാറ താഴെ വെള്ളച്ചാട്ടത്തിന് സമീപവും പരിശോധന നടത്തും.

ചാലിയാറിന്റെ ഒരു ഭാഗം മാത്രമാണ് നേരത്തെ പരിശോധിക്കാൻ കഴിഞ്ഞിട്ടുള്ളത്. ഇന്നലെ മൃതദേഹം കണ്ടെത്തിയ ചൂരൽമലയിലെയും മുണ്ടക്കയിലെയും വിവിധ പ്രദേശങ്ങളിലും ഇന്നും പരിശോധന തുടരും. മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് ഹാരിസൺ പ്ലാന്റേഷന്റെ 50 സെൻറ് ഭൂമി കൂടി ദുരന്തനിവാരണ നിയമം അനുസരിച്ച് ജില്ലാ കലക്ടർ ഏറ്റെടുക്കും.

ഇന്നലെ സംസ്കരിച്ചത് 30 മൃതദേഹങ്ങളും 150 ലേറെ ശരീരഭാഗങ്ങളും കൂടിയാണ്. മേപ്പാടി പഞ്ചായത്തിലെ 10 ,11 ,12 വാർഡുകൾ ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ട്. തകർന്ന കെട്ടിടങ്ങളുടെ നഷ്ടപരിഹാരം കണക്കാക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് ഇന്നുമുതൽ പരിശോധന തുടങ്ങും.