ഭരണത്തിൽ തുടരാനും ജനങ്ങളുടെ മനസിൽ സ്ഥാനം നേടാനും കേവലം വളർച്ചയുടെ സംഖ്യകൾ മാത്രം പോരാ, ബംഗ്ലാദേശിന്റെ ഭാവി ഇനി എന്തായിരിക്കും?

0
185

ബംഗ്ലാദേശിൻ്റെ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് ഹസീനയുടെ രാജിയോടെ, ബംഗ്ലാദേശിനെ ഇനി കാത്തിരിക്കുന്നത് എന്തായിരിക്കും? 17 കോടി ജനസംഖ്യയുള്ള ബംഗ്ലാദേശിനെ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയാക്കി മാറ്റുന്നതിൽ ഹസീന എവിടെയാണ് പരാജയപ്പെട്ടത്? 2009 മുതൽ ഷെയ്ഖ് ഹസീനയുടെ ഭരണകാലത്ത് രാജ്യം ശ്രദ്ധേയമായ സാമ്പത്തിക വളർച്ച കൈവരിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. ഭരണത്തിൽ തുടരാനും ജനങ്ങളുടെ മനസിൽ സ്ഥാനം നേടാനും കേവലം വളർച്ചയുടെ സംഖ്യകൾ മാത്രം പോരെന്ന് വീണ്ടും വീണ്ടും ഓർമിപ്പിക്കുകയാണ് ആ വികസന ഗാഥകൾ. തുടർച്ചയായ 15 വർഷ ഭരണത്തിൽ ഇന്ത്യയെപ്പോലും മറികടന്ന് അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയാകാൻ ബംഗ്ലാദേശിന് കഴിഞ്ഞെന്നത് നിസാര കാര്യമല്ല. ഒരു ദശകത്തിൽ ആളോഹരി വരുമാനം(PCI) മൂന്നിരട്ടിയായി. എങ്കിലും ആസ്തി വർധനയുടെ കണക്കുകൾ ജനാധിപത്യ ധ്വംസനത്തിന്റെയും പൗരാവകാശത്തിന്റെയും കണക്കുകളുമായി പൊരുത്തപ്പെടാതെ വന്നപ്പോൾ ആ ഭരണകൂടത്തിന് അടിയറവ് പറയേണ്ടി വന്നു.

മൊത്തം ആഭ്യന്തര ഉത്പാദനം (GDP)

ഒരു സമ്പദ് വ്യവസ്ഥയുടെ ആരോഗ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട മാക്രോ ഇക്കണോമിക് സൂചകമാണ് ജിഡിപി അഥവാ മൊത്തം ആഭ്യന്തര ഉത്പാദനം. 2009 ൽ ഷെയ്ഖ് ഹസീന അധികാരമേറുമ്പോൾ 5 ശതമാനമായിരുന്നു ജിഡിപി. 2019 ൽ അത് ഏറ്റവും ഉയർന്ന് 7.9 ശതമാനത്തിലെത്തി. വ്യവസായവത്കരണവും അടിസ്ഥാന സൗകര്യ വികസനവുമെന്ന കോംബോയാണ് വളർച്ചാ നിരക്കുയർത്താൻ ബംഗ്ലാദേശ് സ്വീകരിച്ചത്. ആഗോളതലത്തിൽ കൊവിഡ് വില്ലനായത് ബംഗ്ലാദേശിനും വലിയ തിരിച്ചടി നൽകി. മഹാമാരി മൂർധന്യത്തിലെത്തിയപ്പോൾ ജിഡിപി വളർച്ച 3.4 ശതമാനത്തിലേക്ക് താണു. കോവിഡ് പ്രഭാവം മങ്ങിയപ്പോൾ അതിവേഗം വളർച്ചാ പാതയിലേക്ക് മടങ്ങാൻ ബംഗ്ലാദേശിനായി. 2021 ൽ 6.9 ശതമാനവും 2022 ൽ 7.15 ശതമാനവുമായി വളർച്ച. 2024 ലും 2025 ലും തുടർ വളർച്ചയും പോസിറ്റീവ് വീക്ഷണവും ഏഷ്യൻ ഡവലപ്മെന്റ് ബാങ്ക് പ്രവചിച്ചിരിക്കെയാണ് നിലവിലെ സംഭല വികാസങ്ങൾ. കലാപത്തിൽ പിഞ്ഞിക്കീറിയ ബംഗ്ലാദേശിന്റെ തിരിച്ചുവരവിന് കഠിനാധ്വാനം തന്നെ വേണ്ടി വരും. സാന്പത്തിക വിദഗ്ധനും നൊബേൽ ജേതാവുമായ ഡോ മുഹമ്മദ് യൂനുസിനെ ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവായി നിയമിച്ചതിന് പിന്നിലെ ലക്ഷ്യവും മറ്റൊന്നല്ല.

മാനവ വികസന സൂചിക

മാനവ വികസന സൂചിക അഥവാ ഹ്യൂമൻ ഡവലപ്മെന്റ് ഇൻഡക്സിലും ഇന്ത്യയ്ക്ക് മുന്നിലെത്താൻ ബംഗ്ലാദേശിനായിരുന്നു. വിദ്യാഭ്യാസ-ആരോഗ്യ മേഖലകളും മികവ് പുലർത്തി. 2020 ൽ ഇന്ത്യക്ക് മുന്നിലും ശ്രീലങ്കയ്ക്ക് തൊട്ടുതാഴെയുമായിരുന്നു ബംഗ്ലാദേശിന്റെ സ്ഥാനം. ശിശു മരണ നിരക്കിലും ഇന്ത്യയ്ക്ക് മുന്നിലായി ബംഗ്ലാദേശ്. 2022 ൽ ശിശുമരണ നിരക്ക് 24.1 ആയി കുറഞ്ഞു.

തൊഴിലില്ലായ്മ

തൊഴിലില്ലായ്മ നിരക്ക് ഏറെക്കുറെ സ്ഥിരത കാണിച്ചിരുന്നെങ്കിലും കൊവിഡ് പ്രഭാവത്തിൽ നിന്ന് മുക്തമാകാൻ ബംഗ്ലാദേശിന് കഴിഞ്ഞില്ല. 2010 ൽ 3.4 ശതമാനമായിരുന്നു ബംഗ്ലാദേശിലെ തൊഴിലില്ലായ്മ നിരക്ക്. ഇത് 2023 ആയപ്പോഴേക്കും 5.1 ശതമാനമായി ഉയർന്നു. കൊവിഡ് കാലത്തെ തൊഴിൽ നഷ്ടം കാര്യമായി മറികടക്കാനായില്ലെന്ന് കണക്കുകൾ പറയുന്നു. സാമ്പത്തിക തകർച്ചയും തൊഴിൽ വിപണിയിലെ സമ്മർദ്ദങ്ങളും തിരിച്ചടിയായി. തൊഴിലില്ലായ്മ നിലനിൽക്കുന്പോൾ പ്രിയപ്പെട്ടവരെ സർക്കാർ ജോലികളിൽ കുത്തിത്തിരുകാൻ നൽകിയ സംവരണം കൂനിന്മേൽ കുരുവായി മാറുകയായിരുന്നു അവാമി ലീഗ് സർക്കാരിന്.

ദാരിദ്ര്യ നിർമാർജനം

ദേശീയതയും സാമ്പത്തിക മേഖലയുടെ ആധുനികവത്കരണവും ചേർത്ത് കാച്ചിക്കുറുക്കിയതെന്ന് പറയാം ഷെയ്ഖ് ഹസീനയുടെ ഭരണ സംവിധാനം. അടിസ്ഥാന സൗകര്യ വികസനമാണ് ദാരിദ്ര്യ നിർമാർജ്ജനത്തിന് ഷെയ്ഖ് ഹസീന സ്വീകരിച്ച പാത.ലോക ബാങ്കിന്റെ കണക്ക് പ്രകാരം 2010 ൽ 11.8 ശതമാനമായിരുന്നു ദാരിദ്ര്യ നിരക്ക്. 2022 ആയപ്പോഴേക്കും അത് 5 ശതമാനമായി കുറയ്ക്കാനായി. രണ്ട് പതിറ്റാണ്ടിനുള്ളിൽ ഒന്നരക്കോടി പേർ ദാരിദ്ര്യത്തിൽ നിന്ന് മുക്തരായി. വിദേശ വായ്പ എടുത്താണെങ്കിലും അടിസ്ഥാന സൗകര്യ മേഖലയിലും, വസ്ത്ര കയറ്റുമതിയിലും മൈക്രോ ഫിനാൻസിലുമൊക്കെ മുന്നേറാൻ ബംഗ്ലാദേശിന് കഴിഞ്ഞു.

നിലവിലെ അവസ്ഥ സൃഷ്ടിക്കുന്ന നഷ്ടം?

പ്രക്ഷോഭത്തെ തുടർന്ന് രാജ്യത്ത് കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. രാജ്യവ്യാപകമായി ഇന്റർനെറ്റ് സംവിധാനം പൂർണമായും പ്രവർത്തനക്ഷമമല്ലാതായി. സാന്പത്തിക പ്രവർത്തനങ്ങളൊന്നൊന്നായി തകർച്ചയിലേക്ക് പോകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഫോറിൻ ഇൻവെസ്റ്റേഴ്സ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ വിലയിരുത്തൽ അനുസരിച്ച് 1000 കോടി ഡോളർ നഷ്ടമാണ് കലാപം ബംഗ്ലാദേശിലുണ്ടാക്കിയിരിക്കുന്നത്.

ഇന്ത്യയെ എങ്ങനെ ബാധിക്കും?

ഇന്ത്യയുടെ 25ആമത്തെ വലിയ വ്യാപാര പങ്കാളിയാണ് ബംഗ്ലാദേശ്. നിലവിലെ സ്ഥിതിഗതികൾ ബംഗ്ലാദേശുമായുള്ള വ്യാപാര-നിക്ഷേപ ബന്ധത്തെ ഉലച്ചേക്കാം. ഇരുരാജ്യങ്ങളും തമ്മിലുള്ളത് 1290 കോടി ഡോളർ മൂല്യമുള്ള വ്യാപാരമാണ്. കഴിഞ്ഞ രണ്ട് വർഷമായി പല കാരണങ്ങൾ കൊണ്ടും ബംഗ്ലാദേശിലേക്കുള്ള ഇന്ത്യൻ കയറ്റുമതി കുറഞ്ഞു വരികയാണ്. ഉയർന്ന വിലക്കയറ്റം, ഡോളറിന്റെ കുറവ്, അരിയുടെ നിയന്ത്രണം എന്നിവയൊക്കെ കയറ്റുമതിക്ക് തിരിച്ചടിയായി. ഇന്ത്യൻ വാഹന കയറ്റുമതിയുടെ പ്രധാന ലക്ഷ്യ സ്ഥാനങ്ങളിലൊന്ന് കൂടിയാണ് ബംഗ്ലാദേശ്. നിലവിലെ അവസ്ഥ ഈ മേഖലയിലെല്ലാം പ്രതിസന്ധികളുണ്ടാക്കും. വലിയ തോതിൽ ഇന്ത്യൻ നിക്ഷേപമുള്ള രാജ്യമാണ് ബംഗ്ലാദേശ്. ഈ നിക്ഷേപങ്ങൾക്കും കലാപം വെല്ലുവിളി ഉയർത്തും. വസ്ത്ര നിർമാണ മേഖലയിൽ മുന്നോക്കം നിൽക്കുന്ന ബംഗ്ലാദേശുമായി നിരവധി ഇന്ത്യൻ വ്യാപാരികൾ കച്ചവടം നടത്തുന്നു. 4,000 കോടിയുടെ പ്രതിവർഷ വസ്ത്ര കയറ്റുമതിയാണ് ബംഗ്ലാദേശിന്റേത്. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ വ്യാപാര തുറമുഖമായ പെട്രോപോളിലെ പ്രവർത്തനങ്ങൾ നിലച്ചിരിക്കുകയാണ്. വിമാന-ട്രെയിൻ സർവീസുകളും റദ്ദാക്കി. ഇനി രാഷ്ട്രീയ തലം നോക്കിയാൽ ഇന്ത്യയുമായി നല്ല സൗഹൃദത്തിലായിരുന്ന ഷെയ്ഖ് ഹസീന സർക്കാർ അധികാര ഭ്രഷ്ടരായതോടെ. ചൈനയും പാകിസ്ഥാനും ബംഗ്ലാദേശുമായി പുതിയൊരു ചങ്ങാത്തം സൃഷ്ടിക്കാനുള്ള സാധ്യതയും നയതന്ത്ര വിദഗ്ധർ തള്ളിക്കളയുന്നില്ല.