വയനാട്ടിലെ ഉരുൾപൊട്ടലിൽ കേരളത്തെ കുറ്റപ്പെടുത്താൻ കൂലി എഴുത്തുകാരെ നിയമിച്ച് കേന്ദ്രം; പ്രതികരണവുമായി മന്ത്രി എം ബി രാജേഷ്

0
124

വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ കേരളത്തെ കുറ്റപ്പെടുത്തി പഠനങ്ങളും ലേഖനങ്ങളും എഴുതാൻ കേന്ദ്രസർക്കാർ എഴുത്തുകാരെ നിയമിച്ചെന്ന വാർത്തയോട് പ്രതികരിച്ച് മന്ത്രി എം ബി രാജേഷ്. വയനാട്ടിലെ ഉരുൾപൊട്ടലിൻ്റെ പേരിൽ ദേശീയ മാധ്യമങ്ങളിൽ കേരളത്തിനെതിരെ ലേഖനങ്ങളെഴുതാൻ കേന്ദ്രസർക്കാരും പ്രസ് ഇൻഫർമേഷൻ ബ്യൂറോയും നിരവധി വിദഗ്ധരെയും ശാസ്ത്രജ്ഞരെയും സമീപിച്ചിട്ടുണ്ടെന്ന വിവരം ‘ദ ന്യൂസ് മിനിറ്റ്’ പുറത്തുവിട്ടതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഒരു നാട് മുഴുവൻ ദുരന്തത്തിന്റെ ആഘാതത്തിൽ നിന്നും മോചിതരാകുന്നതിന് മുൻപ്, ദുരന്തത്തിന് ഇരയായ ജനതയ്ക്ക് എതിരെ ഉപജാപങ്ങളിൽ ഏർപ്പെടാൻ ഇവർക്കല്ലാതെ മറ്റാർക്കാണ് കഴിയുകയെന്ന് മന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു. പ്രളയം വന്നപ്പോൾ നൽകിയ അരിയ്ക്കും, രക്ഷാപ്രവർത്തനത്തിന് അയച്ച ഹെലികോപ്റ്ററിന്റെ വാടകയുമെല്ലാം കണക്കുപറഞ്ഞ് വാങ്ങിയ ഷൈലോക്കുമാരാണ് ഇവർ. കേരളത്തെ സഹായിക്കാൻ മറ്റ് രാജ്യങ്ങൾ മുന്നോട്ടുവന്നപ്പോൾ അത് തട്ടിത്തെറിപ്പിച്ചവരും ഇവരാണ്. ഇവരിൽ നിന്ന് ഇതും ഇതിലപ്പുറവും പ്രതീക്ഷിക്കണം. നാം കരുതിയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റ്:

കൊടും ചതി!

കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ ഇപ്പോഴും അവസാനിച്ചിട്ടില്ല. നൂറുകണക്കിന് രക്ഷാപ്രവർത്തകർ ദുരന്തഭൂമിയിൽ മനുഷ്യശരീരങ്ങൾ തേടിക്കൊണ്ടിരിക്കുകയാണ്. സർവതും നഷ്ടപ്പെട്ട ആയിരക്കണക്കിന് മനുഷ്യർ ദുരിതാശ്വാസ ക്യാമ്പുകളിൽ പകച്ചിരിക്കുകയാണ്. അപ്പോഴും കേന്ദ്ര സർക്കാർ കേരളത്തെ സഹായിക്കുന്നതിന് പകരം, അണിയറയിൽ കൊടും ചതിപ്രയോഗം നടത്തുകയാണ്. അതിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ‘ദി ന്യൂസ് മിനുട്ട്’ ഇന്ന് പുറത്തുവിട്ടിട്ടുള്ളത്.

വയനാട് ഉരുൾപൊട്ടലിന്റെ പേരിൽ കേരളത്തിനെതിരെ ദേശീയ മാധ്യമങ്ങളിൽ ലേഖനങ്ങളെഴുതാൻ കേന്ദ്രസർക്കാരും പ്രസ് ഇൻഫർമേഷൻ ബ്യൂറോയും നിരവധി വിദഗ്ധരെയും ശാസ്ത്രജ്ഞരെയും സമീപിച്ചതിന്റെ വിവരങ്ങളാണ് ‘ദി ന്യൂസ് മിനുട്ട്’ പുറത്തുവിട്ടിരിക്കുന്നത്. കേരളസർക്കാരാണ് വയനാട്ടിലെ ഉരുൾപൊട്ടലിന് കാരണമെന്ന് സ്ഥാപിക്കുന്ന ലേഖനങ്ങൾ എഴുതണമെന്നാണത്രേ കേന്ദ്രം ആവശ്യപ്പെട്ടത്. എന്തെല്ലാമാണ് എഴുതേണ്ടത് എന്ന വിവരങ്ങളും കേന്ദ്രസർക്കാർ തന്നെ കൈമാറുകയും ചെയ്തിട്ടുണ്ട്.

എന്നാൽ കേന്ദ്രസർക്കാർ വാദങ്ങൾക്ക് ഒരു ശാസ്ത്രീയ അടിത്തറയുമില്ല, ഇപ്പോഴത്തെ ഉരുൾപൊട്ടലിന് കാരണം കേന്ദ്രം ആരോപിക്കുന്നതുപോലെ ക്വാറികളുടെത് ഉൾപ്പെടെയുള്ള മനുഷ്യ പ്രവർത്തനങ്ങളല്ലെന്നും ശാസ്ത്രജ്ഞന്മാരും വിദഗ്ധരും മറുപടി നൽകിയത്രേ. കേന്ദ്രത്തിന്റെ ശാസ്ത്രീയമല്ലാത്തതും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതുമായ വാദങ്ങൾ ലേഖനങ്ങളായി എഴുതിയാൽ, അതിന് സ്വീകാര്യത കിട്ടില്ലെന്നും വിദഗ്ധർ പറഞ്ഞുവത്രേ. കേന്ദ്രത്തിന്റെ കയ്യിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ ഉണ്ടെങ്കിൽ അത് പുറത്തുവിടുകയാണ് ചെയ്യേണ്ടത്, അതിന് പകരം നിഴൽയുദ്ധം നടത്തുകയല്ല വേണ്ടത് എന്നും ചിലർ തുറന്നടിച്ചതായാണ് ‘ദി ന്യൂസ് മിനുട്ട്’ പറയുന്നത്.

ദുരന്തത്തിൽ ഒരു നാട് വിറങ്ങലിച്ചുനിൽക്കുമ്പോഴാണ് കണ്ണിൽച്ചോരയില്ലാതെ കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി, നൽകിയ മുന്നറിയിപ്പുകൾ കേരളം അവഗണിച്ചുവെന്ന അവാസ്തവം പാർലമെന്റിൽ പറഞ്ഞത്. കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി പറഞ്ഞത് പച്ചക്കള്ളമാണെന്ന് രേഖകൾ സഹിതം ഇന്ത്യയിലെ എല്ലാ മാധ്യമങ്ങളും പുറത്തുകൊണ്ടുവരികയും ചെയ്തു. അപ്പോഴാണ് കള്ളം സ്ഥാപിക്കാൻ ആളുകളെ വിലയ്‌ക്കെടുക്കാൻ കേന്ദ്രം ശ്രമിച്ചത്. എത്ര ഹൃദയശൂന്യരാണ് ഇവർ? ഒരു നാട് മുഴുവൻ ദുരന്തത്തിന്റെ ആഘാതത്തിൽ നിന്നും മോചിതരാകുന്നതിന് മുൻപ്, ദുരന്തത്തിന് ഇരയായ ജനതയ്ക്ക് എതിരെ ഉപജാപങ്ങളിൽ ഏർപ്പെടാൻ ഇവർക്കല്ലാതെ മറ്റാർക്കാണ് കഴിയുക? പ്രളയം വന്നപ്പോൾ നൽകിയ അരിയ്ക്കും, രക്ഷാപ്രവർത്തനത്തിന് അയച്ച ഹെലികോപ്റ്ററിന്റെ വാടകയുമെല്ലാം കണക്കുപറഞ്ഞ് വാങ്ങിയ ഷൈലോക്കുമാരാണ് ഇവർ. കേരളത്തെ സഹായിക്കാൻ മറ്റ് രാജ്യങ്ങൾ മുന്നോട്ടുവന്നപ്പോൾ അത് തട്ടിത്തെറിപ്പിച്ചവരും ഇവരാണ്. ഇവരിൽ നിന്ന് ഇതും ഇതിലപ്പുറവും പ്രതീക്ഷിക്കണം. നാം കരുതിയിരിക്കണം.