വയനാട് ഉരുൾപൊട്ടലിൽ സൈന്യം പറയുന്നതുവരെ തിരച്ചിൽ തുടരും; മന്ത്രിസഭാ ഉപസമിതി യോഗം

0
98

വയനാട് ഉരുൾപൊട്ടലിൽ സൈന്യം പറയുന്നതുവരെ തിരച്ചിൽ തുടരുമെന്ന തീരുമാനമാണ് മന്ത്രിസഭാ ഉപസമിതി യോഗത്തിൽ എടുത്തിരിക്കുന്നത്. കരസേനയുടെ നിലപാടിന് മുൻഗണന നൽകാനാണ് തീരുമാനം. പുനരധിവാസത്തിന് പ്രത്യേക പാക്കേജ് തയ്യാറാക്കാനും മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ദുരന്തമേഖലയിൽ തിരച്ചിൽ ഊർജിതമാക്കാൻ യോഗം തീരുമാനിച്ചു.

സഹായം ലഭ്യമാകാൻ സാധ്യതയുള്ള എല്ലായിടങ്ങളിൽ നിന്നും സ്വീകരിക്കും. ദേശീയ ദുരന്തനിവാരണ നിധിയിൽ നിന്ന് കൂടുതൽ പണം ആവശ്യപ്പെടും. പുനരധിവാസത്തിന് കേന്ദ്രസഹായം അനിവാര്യമാണെന്നും യോഗത്തിൽ വിലയിരുത്തലുണ്ടായി. ചാലിയാറിലും തിരച്ചിൽ ഊർജിതമായി നടപ്പാക്കും. പൊളിഞ്ഞ് വീഴാൻ സാധ്യതയുള്ള കെട്ടിടങ്ങൾ പൊളിച്ചു നീക്കാനും യോ​ഗത്തിൽ തീരുമാനിച്ചു.

ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നു വീണ്ടും സംസ്ഥാനം ആവശ്യപ്പെടും. എൽ 3 വിഭാഗത്തിലെ ദുരന്തമായി പ്രഖ്യാപിക്കണമെന്നാണ് ആവശ്യപ്പെടുക. ഏറ്റവും തീവ്രത ഏറിയ ദുരന്തം എന്ന നിലയ്ക്ക് പരിഗണന വേണമെന്നും ആവശ്യം ഉന്നയിക്കും. അങ്ങിനെ എങ്കിൽ ദേശീയ ദുരന്ത നിവാരണ നിധിയിൽ നിന്നു ആകെ വേണ്ട തുകയുടെ 75% ലഭിക്കുമെന്നും യോ​ഗത്തിൽ വിലയിരുത്തി.

ദുരന്ത ബാധിതരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനു പ്രത്യേക പദ്ധതി തയ്യാറാക്കാനും മന്ത്രിസഭാ ഉപസമിതി യോഗത്തിൽ തീരുമാനിച്ചു. ഒന്നുകിൽ താൽക്കാലിക പഠന കേന്ദ്രം അല്ലെങ്കിൽ സമീപത്തെ സ്കൂളുകളിലേക്ക് മാറ്റാനാണ് നിലവിലത്തെ തീരുമാനം. അതേസമയം ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 387 ആയി. ഇതിൽ 172 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്. ഇനിയും 200ലേറെ പേരെ കണ്ടെത്താനുണ്ട്. ഏഴാം ദിനവും തിരച്ചിൽ‌ ഊർജിതമായി തുടരുകയാണ്.