ഇടക്കാല സർക്കാർ ഉടൻ രൂപീകരിക്കും, ബംഗ്ലാദേശില്‍ ഭരണം ഏറ്റെടുത്ത് സൈന്യം

0
146

സർക്കാർ വിരുദ്ധ പ്രക്ഷോഭം തുടരുന്ന സാഹചര്യത്തിൽ ബംഗ്ലാദേശിൽ സൈന്യം സർക്കാർ ഭരണം ഏറ്റെടുത്തു. രാജ്യത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയാണെന്നും ഇടക്കാല സർക്കാർ ഉടൻ രൂപീകരിക്കുമെന്നും കരസേനാ മേധാവി വഖാർ ഉസ് സമാൻ രാജ്യത്തെ അഭിസംബോധന ചെയ്തു. രാജ്യം ഒരുപാട് കഷ്ടപ്പെട്ടു. രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥ തകർന്നു. നിരവധി പേർ കൊല്ലപ്പെട്ടു. അക്രമം അവസാനിപ്പിക്കാൻ സമയമായെന്ന് സൈനിക മേധാവി പറഞ്ഞു.

വിദ്യാർഥികൾ ശാന്തരാകുകയും പുതിയ സർക്കാരിനോട് സഹകരിക്കുകയും വേണം. ആഴ്ചകളോളം നീണ്ട പ്രക്ഷോഭത്തിൽ, കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും സൈനിക മേധാവി വാകർ ഉസ് സമാൻ പറഞ്ഞു. ഇടക്കാല സർക്കാർ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രസിഡന്റുമായും വിവിധ രാഷ്ട്രീയ പാർട്ടികളുമായും സിവിൽ സൊസൈറ്റി മെമ്പർമാരുമായും സംസാരിച്ചതായും സൈനിക മേധാവി വാകർ ഉസ് സമാൻ അറിയിച്ചു. എന്നാൽ ഷേഖ് ഹസീനയുടെ അവാമി ലീഗുമായി സംസാരിച്ചിട്ടില്ല.

അതേസമയം സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിന് പിന്നാലെ രാജിവെച്ച ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായുള്ള സൈനികവിമാനം ഇന്ത്യയിലെത്തി. തിങ്കളാഴ്ച വൈകുന്നേരം 5.36-നാണ് ഗാസിയാബാദിലെ ഹിൻഡൻ വ്യോമതാവളത്തിൽ വിമാനം ലാൻഡ് ചെയ്തത്. വ്യോമസേനാ ഉദ്യോഗസ്ഥർ ഹസീനയെ സ്വീകരിച്ചു. അവർ ഉടൻ ലണ്ടനിലേക്ക് തിരിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ബംഗ്ലാദേശിൽ പ്രക്ഷോഭം രൂക്ഷമായതിന് പിന്നാലെ സഹോദരിക്കൊപ്പമാണ് 76-കാരിയായ ഹസീന രാജ്യംവിട്ടത്.