ഉരുൾപൊട്ടലിൽ കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ ആറാം ദിവസത്തിലേക്ക്..

0
71
Wayanad: A military special dog during a search operation to trace bodies from the landslide-hit area, at Chooralmala in Wayanad, Friday, Aug. 2, 2024. (PTI Photo) (PTI08_02_2024_000581B)

വയനാട്ടിൽ ഉരുൾപൊട്ടലിൽ കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ ആറാം ദിവസത്തിലേക്ക് കടന്നു. ഐബോഡ് ഡ്രോൺ ഉപയോഗിച്ച് മിഷൻ ഏരിയ ഇന്ന് പരിശോധിക്കും. ഉരുൾപൊട്ടലിൻ്റെ ഉറവിടം മുതൽ അന്വേഷണം ആരംഭിക്കാനാണ് നീക്കം. തിരയലിനായി കൂടുതൽ ഉപകരണങ്ങൾ കൈമാറും. മൃതദേഹങ്ങൾ കണ്ടെത്തിയ ചാലിയാർപുഴയിലും പുഴയുടെ വനമേഖലയിലും വ്യാപക തിരച്ചിൽ നടത്തും. 206 പേരെ കണ്ടെത്താനുണ്ട്. മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 354 ആയി. ഇന്ന് മുതൽ ഔദ്യോഗികമായി രജിസ്റ്റർ ചെയ്ത രക്ഷാപ്രവർത്തകരെ മാത്രമേ ദുരന്തമേഖലയിലേക്ക് പ്രവേശിപ്പിക്കൂ.

ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിൽ നിന്ന് വിവരശേഖരണം വേഗത്തിലാക്കുന്നതിന് ഹാം റേഡിയോ സംവിധാനമൊരുക്കിയിട്ടുണ്ട്. കൽപ്പറ്റയിലെ കളക്ടറേറ്റാണ് ബേസ് സ്റ്റേഷൻ. മുന്നറിയിപ്പിനെ തുടർന്ന് ബന്ധു വീടുകളിലേക്ക് മാറിയവരുടെ കണക്കെടുക്കുമെന്ന് കളക്ടർ ഡി ആർ മേഘശ്രീ പറഞ്ഞു. മുണ്ടക്കൈയിലും ചൂരൽമലയിലും മനുഷ്യസാന്നിധ്യം കണ്ടെത്താൻ റഡാർ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയാണ് ഇന്ന് നടക്കുക. ഉരുൾപൊട്ടലിന്റെ ഉത്ഭവ സ്ഥാനം മുതൽ പരിശോധന നടത്താനാണ് നീക്കം.

ദുരന്തബാധിത മേഖലയില്‍ നിന്ന് ലഭിക്കുന്ന വിലപിടിപ്പുള്ള വസ്തുക്കള്‍ കൃത്യമായി കണ്ട്രോള്‍ റൂമിലെത്തിക്കണമെന്നും അധികൃതര്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വയനാട് ജില്ലയിലെ ദുരന്ത സ്ഥലത്ത് നിന്ന് രക്ഷാപ്രവര്‍ത്തകര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും ലഭിച്ച ആഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും രേഖകളും സിവില്‍ സ്റ്റേഷനിലെ കണ്‍ട്രോള്‍ റൂമിലോ മറ്റു കണ്‍ട്രോള്‍ റൂമിലോ ഏല്‍പിക്കണമെന്ന് റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍ അറിയിച്ചു.

ചൂരല്‍മല , മുണ്ടക്കൈ പ്രദേശത്ത് പോലീസിന്റെ രാത്രികാല പട്രോളിങ്ങും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദുരന്തത്തിന് ഇരയായവരുടെ വീടുകളിലോ പ്രദേശത്തോ രാത്രിയില്‍ അതിക്രമിച്ച് കടക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കും. ഇവിടങ്ങളിലെ വീടുകളിലോ പ്രദേശങ്ങളിലോ രക്ഷാപ്രവര്‍ത്തനത്തിന്റെ പേരിലോ അല്ലാതയോ പോലീസിന്റെ അനുവാദമില്ലാതെ രാത്രികാലങ്ങളില്‍ ആരും പ്രവേശിക്കാന്‍ പാടില്ല.