ആശങ്ക വേണ്ട; മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് റൂൾ കർവ് പരിധിക്ക് താഴെ, അനാവശ്യ പ്രചരണങ്ങൾ ഒഴിവാക്കണമെന്ന് കളക്ടർ

0
130

ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളിലെ ജലനിരപ്പ് മാറ്റമില്ലാതെ തുടരുകയാണ്. 2366.90 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്. മുല്ലപ്പെരിയാർ അണക്കെട്ടിലും 131.75 അടി വെള്ളമുണ്ട്. രണ്ട് ഡാമുകളിലെയും ജലനിരപ്പ് റൂൾ കർവ് പരിധിക്ക് താഴെയാണ്. മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ വഴിയുള്ള അനാവശ്യ പ്രചരണങ്ങൾ ഒഴിവാക്കണമെന്ന് ഇടുക്കി ജില്ലാ കളക്ടർ വി വിഗ്നേശ്വരി അഭ്യർത്ഥിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയിലാണ് മുല്ലപ്പെരിയാര്‍, ഇടുക്കി അണക്കെട്ടുകളിലെ ജലനിരപ്പില്‍ നേരിയ വര്‍ദ്ധന ഉണ്ടായത്. റൂള്‍കര്‍വ് അനുസരിച്ച് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ഇപ്പോള്‍ സംഭരിക്കാന്‍ കഴിയുന്ന പരമാവധി വെള്ളത്തിന്റെ അളവ് 137 അടിയാണ്. 5.25 അടി ജലനിരപ്പ് കൂടി ഉയര്‍ന്നാല്‍ മാത്രമേ ഈ അളവിലേക്ക് എത്തു. നിലവില്‍ മഴ മാറി നില്‍ക്കുന്നതിനാല്‍ ഡാമിലേക്കുള്ള നീരൊഴുക്കും കുറഞ്ഞു. ഇടുക്കി അണക്കെട്ടില്‍ കഴിഞ്ഞവര്‍ഷത്തേക്കാള്‍ ജലനിരപ്പ് 34 അടിയോളം ഉയര്‍ന്നിട്ടുണ്ട്. ഇടുക്കിയില്‍ റൂള്‍ കര്‍വ് പരിധി നിലവില്‍ 2382 അടിയാണ്. ഈ അളവിലേക്ക് ജലനിരപ്പ് ഉയര്‍ന്നാല്‍ മാത്രമേ ഷട്ടറുകള്‍ ഉയര്‍ത്താനുള്ള നടപടി സ്വീകരിക്കൂ.

വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതിനാല്‍ ഡാമിലേക്കുള്ള നീരൊഴുക്കിലും കാര്യമായ കുറവുണ്ട്. കൂടാതെ മൂലമറ്റം പവര്‍ഹൗസില്‍ പന്ത്രണ്ടര ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദനവും നടക്കുന്നുണ്ട്. ജനങ്ങളെ ഭയപ്പെടുത്തുന്ന തരത്തില്‍ ഡാമുകളുമായി ബന്ധപ്പെട്ട അനാവശ്യ പ്രചാരണങ്ങള്‍ ഒഴിവാക്കണമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ അഭ്യര്‍ത്ഥന.