ചൂരൽമലയിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം; രക്ഷാപ്രവർത്തകർ ചമഞ്ഞ് കവർച്ച നടത്തുന്നവർക്കെതിരെ മുന്നറിയിപ്പുമായി പോലീസ്

0
136

ഉരുൾപൊട്ടലുണ്ടായ ചൂരൽമലയിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം. ബെയ്‌ലി പാലത്തിന് സമീപത്തെ ചൂരൽമല സ്വദേശി ഇബ്രാഹിമിൻ്റെ വീട്ടിലാണ് മോഷണം നടന്നത്. സൈന്യവും പോലീസും മുഴുവൻ സമയവും ഉള്ള സ്ഥലത്താണ് മോഷണം നടന്നിരിക്കുന്നത്. വീട്ടിൽ നിന്ന് രേഖകളും പണവും നഷ്ടപ്പെട്ടു. മേപ്പാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വയനാട്ടിൽ രക്ഷാപ്രവർത്തകർ ചമഞ്ഞ് ചിലർ കവർച്ചക്കായി എത്തുന്നുവെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദുരന്തഭൂമിയിൽ മോഷ്ടാക്കളുടെ സാന്നിധ്യമുണ്ടെന്ന് മേപ്പാടി പൊലീസ് മുന്നറിയിപ്പ് നൽകി. ദുരന്തത്തിൽ ജീവൻ‍ പൊലിഞ്ഞവരുടെ അവശേഷിപ്പുകൾ‌ കവർച്ച ചെയ്യാനായാണ് ഇവരെത്തുന്നത്.

രക്ഷാപ്രവർത്തകരെന്ന വ്യാജേനെയാണ് മോഷ്ടാക്കൾ ദുരന്തഭൂമിയിലേക്ക് കടന്നുകൂടുന്നത്. മനുഷ്യശരീരങ്ങൾക്കായി നടത്തുന്ന തിരിച്ചിലിനിടെ കണ്ടെത്തുന്ന സ്വർണവും പണവും ലക്ഷ്യമിട്ടാണ് ഇവർ എത്തുന്നത്. ഇതരസംസ്ഥാനക്കാരാണ് ഇതിന് പിന്നിൽ. സംശയാസ്പദമായ സാഹചര്യത്തിൽ രക്ഷാപ്രവർത്തന മേഖലയിലും അടച്ചുപൂട്ടിയ വീടുകൾക്ക് സമീപവും മറ്റും കാണുന്നവരെ നിരീക്ഷിക്കാൻ മേപ്പാടി പൊലീസ് മുന്നറിയിപ്പ് ഇതിനോടകം നൽകി കഴിഞ്ഞു.

മോഷ്ടാക്കളുടെ സാന്നിധ്യം ഉറപ്പിച്ചതോടെ കർശന നിരീക്ഷണമാണ് പൊലീസ് നടത്തുന്നത്. ചൂരൽമലയിലെ പല വീടുകളിലും ഇത്തരം മോഷണശ്രമങ്ങൾ റിപ്പോർട്ട് ചെയ്തതായി പൊലീസ് പറയുന്നു. മൊഴി കൊടുക്കാൻ ആരുമില്ലാത്തതിനാൽ പല കേസുകളിലും എഫ്‌ഐആറിടാൻ ഇതുവരെ സാധിച്ചിരുന്നില്ല. എന്നാൽ, ഇബ്രാഹീമിന്റെ വീട്ടിലെ മോക്ഷണ കേസിൽ പോലിസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.