വയനാട് ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ

0
123

ഉരുൾപൊട്ടലിൽ നാശം വിതച്ച വയനാട് ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ. ദുരന്തബാധിതർക്കൊപ്പം തങ്ങളുടെ പ്രാർത്ഥനകളുമുണ്ടെന്ന് ജോ ബൈഡൻ പ്രസ്താവനയിൽ പറഞ്ഞു. ഉരുൾപൊട്ടലിൽ ഉറ്റവരെ നഷ്ടപ്പെട്ടവരുടെ വേദനയിൽ ഞങ്ങളും പങ്കുചേരുന്നു. അതിസങ്കീർണ്ണമായ രക്ഷാദൗത്യവുമായി മുന്നോട്ടുപോകുന്ന ഇന്ത്യൻ സർവ്വീസ് അംഗങ്ങളുടെ ധീരതയെ ഞങ്ങൾ അഭിനന്ദിക്കുന്നു. ഈ വേദനയ്‌ക്കൊപ്പം, താൻ ഇന്ത്യയിലെ ജനങ്ങളെ തൻ്റെ ചിന്തകളിൽ ചേർത്തുനിർത്തുന്നുവെന്നും ബൈഡൻ പറഞ്ഞു.

വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ 297 പേർ‌ക്കാണ് ജീവൻ നഷ്ടമായത്. 200ലേറെ പേരെ കാണാതായിട്ടുണ്ട്. ഇവർക്കായുള്ള തെരച്ചിൽ ഇന്ന് നാലാം ദിനത്തിലേക്ക് കടക്കുകയാണ്. 8000ൽ അധികം പേരാണ് വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിഞ്ഞുവരുന്നത്. പൊലീസ്, സൈന്യം, അ​ഗ്നിരക്ഷാ സേന, നാട്ടുകാർ മുതലായവർ രക്ഷാപ്രവർത്തനം നടത്തിവരികയാണ്. പ്രദേശത്ത് തുടരുന്ന കനത്ത മഴ രക്ഷാദൗത്യത്തിന് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്.

ദുരന്ത മേഖലയിൽ സജീവ മനുഷ്യ സാന്നിധ്യമില്ലെന്ന് ഡ്രോൺ പരിശോധനയിൽ കണ്ടെത്തി. ജീവനുള്ള എല്ലാവരേയും രക്ഷിക്കാൻ സാധിച്ചതായി സൈന്യം അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതിനിടെ വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ചർച്ചകളും നടന്നുവരികയാണ്.