പാരീസ് ഒളിമ്പിക്സ്; സിനിമാ താരത്തെ പോലെ കൂളായി വന്നു വെള്ളിയുമായി മടക്കം

0
221

പാരീസ് ഒളിമ്പിക്‌സ് ഷൂട്ടിംഗ് മത്സരങ്ങളിൽ 51 കാരനായ തുർക്കിക്കാരൻ താരമായി സിനിമാ താരത്തെ പോലെ കൂളായി വരുന്നു, ഷൂട്ട് ചെയ്യുന്നു, 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീം ഇനത്തിൽ വെള്ളി മെഡൽ നേടുന്നു.

ഷൂട്ടിംഗ് വിഭാഗത്തിൽ, കൃത്യത ഉറപ്പാക്കാനും കാഴ്ച മങ്ങുന്നത് ഒഴിവാക്കാനും പ്രത്യേക ഗ്ലാസുകൾ, പുറത്തെ ശബ്ദത്തിൻ്റെ ശല്യം ഒഴിവാക്കാൻ പ്രത്യേക ഇയർ പ്രൊട്ടക്ഷൻ ഉപകരണം ജാക്കറ്റ് എന്നിവ ഉപയോഗിക്കുന്ന ഷൂട്ടിങ് ഇനത്തിൽ ഇവയൊന്നുമില്ലാതെ കൂളായി ഷൂട്ടിങ് മത്സരത്തിനെത്തി വെള്ളിയുമായി മടങ്ങിയ തുർക്കി ഷൂട്ടർ യൂസുഫ് ഡികെചാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്. സെവ്വർ ഇലയ്ഡയാണ് സഹതാരം.

ഒരു ടീഷർട്ടും സ്ഥിരം വയ്ക്കുന്ന കണ്ണടയും മാത്രമായിരുന്നു 51കാരനായ ഡികെചിന്റെ വേഷം. കരിയറിലെ അഞ്ചാം ഒളിമ്പിക്സിലാണ് താരം മത്സരിച്ചത്. 2008ൽ ബെയ്ജിങിലായിരുന്നു ഒളിമ്പിക്സ് അരങ്ങേറ്റം. കരിയറിലെ ആദ്യ ഒളിമ്പിക്സ് മെഡൽ കൂടിയാണ് ഡികെച് ഇത്തവണ നേടിയത്. എന്തായാലും 51കാരൻ ഇപ്പോൾ സമൂഹ മാധ്യമങ്ങളെ ഇളക്കി മറിക്കുകയാണ്. രസകരമായ നിരവധി പോസ്റ്റുകളിലാണ് ഡികെച് നിറയുന്നത്. തമിഴിലെ തല അജിത്തിനെ പോലെ വന്ന് കൂളായി വെടിവെച്ച് മെഡലുമായി പോയ ഡികെച്ചിന്റെ ചിത്രങ്ങളും വീഡിയോകളും വൈറലായി കഴിഞ്ഞു.