ഡ്യൂറൻഡ് കപ്പിലെ വിജയം വയനാടിന് സമർപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

0
206

ഡ്യൂറൻഡ് കപ്പിലെ വിജയം മണ്ണിടിച്ചിലിൽ തകർന്ന വയനാടിന് സമർപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. മുംബൈ സിറ്റിയെ എതിരില്ലാത്ത എട്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുത്തിയത്. വയനാട് ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തി ബ്ലാസ്റ്റേഴ്സ് താരങ്ങൾ കറുത്ത ബാൻഡ് ധരിച്ചു. ഇത് വയനാടിന് എന്ന അടിക്കുറിപ്പോടെയാണ് ബ്ലാസ്റ്റേഴ്സിൻ്റെ വിജയചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. നമുക്കൊരുമിച്ചു നിൽക്കാം, ഒരുമിച്ച് അതിജീവിക്കാം- ബ്ലാസ്റ്റേഴ്‌സ് പോസ്റ്റിൽ പറഞ്ഞു.

ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ക്കൊപ്പം കോച്ചിംഗ് സ്റ്റാഫ് ഉള്‍പ്പെടെ കറുത്ത ബാന്‍ഡ് ധരിച്ചിരുന്നു. മത്സരത്തില്‍ മിന്നും ഗോളുകള്‍ പിറന്നപ്പോഴും ആഹ്ലാദ പ്രകടനങ്ങള്‍ ഉള്‍പ്പെടെ താരങ്ങള്‍ വെട്ടിച്ചുരുക്കി. താരങ്ങള്‍ ആകാശത്തേക്ക് വിരല്‍ചൂണ്ടി തങ്ങളുടെ പ്രാര്‍ത്ഥനകള്‍ വയനാടിനൊപ്പമുണ്ടെന്നും വ്യക്തമാക്കി. മത്സരം തുടങ്ങും മുന്‍പ് തന്നെ തങ്ങള്‍ വയനാടിനൊപ്പമെന്ന് ബാസ്റ്റേഴ്‌സ് പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു. സമസ്ത മേഖലയിലുള്ളവരും നോവുന്ന വയനാടിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനിടെ മിന്നുന്ന വിജയം വയനാടിന് സമര്‍പ്പിച്ച ബ്ലാസ്റ്റേഴ്‌സിന്റെ നടപടി ആരാധകരും ഏറ്റെടുത്തിട്ടുണ്ട്.

ഡ്യൂറാന്‍ഡ് കപ്പിലെ ആദ്യ മത്സരത്തില്‍ പുതിയ പരിശീലകന്‍ മികേല്‍ സ്റ്റോറെയുടെ കീഴിലാണ് ബ്ലാസ്‌റ്റേഴ്‌സ് കളിച്ചത്. അഡ്രിയന്‍ ലൂണയായിരുന്നു നായകന്‍. പെപ്രയും നോഹയും ഹാട്രിക് നേടി. ഇഷാന്‍ പണ്ഡിതയ്ക്ക് ഇരട്ട ഗോളും നേടാനായി.