വയനാട്ടിൽ ഉരുൾപൊട്ടലിൽ മരണ സംഖ്യാ 297 ആയി; രക്ഷാദൗത്യം നാലാം ദിവസത്തിലേക്ക്

0
106

ഉരുൾപൊട്ടലുണ്ടായ വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലും കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ നാലാം ദിവസത്തിലേക്ക് കടന്നതോടെ നാല്പതംഗ സംഘങ്ങളായി തിരിച്ച് ആറ് മേഖലകൾ കേന്ദ്രീകരിച്ചാണ് ഇന്നത്തെ തിരച്ചിൽ. ഉരുൾപൊട്ടലിൻ്റെ പ്രഭവകേന്ദ്രത്തിൽ പ്രത്യേക തിരച്ചിൽ നടത്തും. കരസേനാ സംഘം മുണ്ടക്കൈയിലേക്ക് നീങ്ങുകയാണ്.

കനത്ത മഴ രക്ഷാദൗത്യത്തിന് വെല്ലുവിളിയാണ്. മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ ചാലിയാർപുഴയിലും പുഴ ഒഴുകുന്ന വനമേഖലയിലും സ്റ്റേഷൻ പരിധിയിലും തിരച്ചിൽ നടത്തും. ബെയ്‌ലിയുടെ പാലം തുറന്നതോടെ ദൗത്യം കൂടുതൽ വേഗത്തിലാകും. റഡാർ സംവിധാനവും ഹെലികോപ്റ്ററുകളും തെരച്ചിലിന് ഉപയോഗിക്കും. മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 297 ആയി.

ആറ് സോണുകളിലാണ് ഇന്നത്തെ തിരച്ചിൽ നടക്കുന്നത്. അട്ടമല-ആറൻമല പ്രദേശമാണ് ആദ്യ സോൺ. മുണ്ടക്കൈ സോൺ രണ്ടും പുഞ്ചിരിമട്ടം സോൺ മൂന്നുമാണ്. വെള്ളാർമല വില്ലേജ് റോഡ് നാലാം സോണാണ്. ജിവിഎച്ച്എസ്എസ് വെള്ളാർമലയാണ് അ‍ഞ്ചാം സോൺ. ചൂരൽമല പുഴയുടെ അടിവാരത്തെ സോൺ ആറായും തിരിച്ചിട്ടുണ്ട്. സൈന്യം ചൂരൽമലയിൽ ഇതിനോടകം എത്തിച്ചേർന്നിട്ടുണ്ട്.

ഉരുൾപൊട്ടലുണ്ടായ വയനാട് മുണ്ടക്കൈ,പുഞ്ചിരിമട്ടം പ്രദേശങ്ങളിൽ സജീവ മനുഷ്യസാന്നിധ്യം നന്നേ കുറവെന്ന് കണ്ടെത്തിയിട്ടുണ്ട്. തെർമൽ ഇമേജിങ് പരിശോധനയിലാണ് കണ്ടെത്തൽ. ജില്ലാ ഭരണകൂടത്തിന്റെ ആവശ്യപ്രകാരം കൊച്ചിയിലെ ഏജന്‍സിയാണ് പരിശോധന നടത്തിയത്.