ക്യാമ്പുകളിലെ കുടുംബങ്ങളുടെ സ്വകാര്യത ഉറപ്പുവരുത്തും, രക്ഷാ ദൗത്യം തുടരും, മുഖ്യമന്ത്രി

0
81

വയനാട്ടിലെ ഉരുൾപൊട്ടലിൽ രക്ഷപ്പെടുത്താനാകുന്ന എല്ലാവരെയും സൈന്യം രക്ഷപ്പെടുത്തിയെന്നും അവിടെ ആരും അവശേഷിക്കുന്നില്ലെന്നുമാണ് സൈന്യം അറിയിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സൈന്യം നിർമിച്ച ബെയ്‌ലി പാലം പ്രവർത്തനസജ്ജമാകുന്നതോടെ മണ്ണ് നീക്കാൻ ആവശ്യമായ ഉപകരണങ്ങൾ പ്രദേശത്ത് എത്തിക്കാനാകും. കെട്ടിടത്തിനുള്ളിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്നും പരിശോധിക്കും. വയനാട്ടിൽ സ‍ർവകക്ഷി യോഗത്തിനും മന്ത്രിസഭാ യോഗത്തിനും ശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മന്ത്രിസഭ ഉപസമിതി വയനാട്ടിൽ പ്രവർത്തിക്കും. കുറച്ചുനാൾ സമയമെടുത്ത് പ്രശ്നങ്ങൾ പരിഹരിക്കണം. റവന്യു, വനം, പൊതുമരാമത്ത്, എസ്.സി, എസ്.ടി മന്ത്രിമാർ ഉൾപ്പെടത്താണ് ഉപസമിതി. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. തടസ്സമെന്തെന്ന് ബന്ധപ്പെട്ടവർ പറയണമെന്ന് പിണറായി വിജയൻ അറിയിച്ചു. തത്കാലം ആളുകളെ ക്യാംപിൽ താമസിപ്പിക്കും. പുനരധിവാസ പ്രക്രിയക്ക് ഫലപ്രദമായി നടപടി സ്വീകരിക്കും. ദുരിതാശ്വാസ ക്യാംപുകൾ തുടരും. വ്യത്യസ്ത കുടുംബങ്ങളിൽ നിന്നുള്ളവരുടെ സ്വകാര്യത സൂക്ഷിക്കാനാവും വിധം ക്യാംപുകളിൽ ക്രമീകരണം ഏർപ്പെടുത്തും. ക്യാംപിനകത്ത് കുടുംബാംഗങ്ങൾക്ക് മാത്രമായിരിക്കും പ്രവേശനം. ക്യാംപിനകത്ത് താമസിക്കുന്നവരെ കാണാൻ പോകുന്നവർക്ക് സംസാരിക്കാൻ ഒരു പൊതു സൗകര്യം ഒരുക്കും. ക്യാംപിനകത്ത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നല്ല നിലയിൽ പ്രവർത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദുരിതാശ്വാസത്തിന് നേരിട്ട് സഹായവുമായി ആരും വരരുതെന്നും അത് സ്വീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കുട്ടികളുടെ വിദ്യാഭ്യാസത്തിന് തടസമുണ്ടാകില്ല. കുട്ടി എവിടെയാണോ അവിടെ ഇരുന്ന് കൊണ്ട് തന്നെ വിദ്യ നൽകാനാവും. പെട്ടെന്ന് സ്കൂളിലേക്ക് പോകാനാവില്ല. മാനസികാഘാതം പ്രതീക്ഷിക്കാവുന്നതിന് അപ്പുറമാണ്. എല്ലാവ‍ർക്കും കൗൺസിലിങ് നൽകും. കൂടുതൽ പേരെ ദൗത്യത്തിൻ്റെ ഭാഗമാക്കും. പകർച്ചവ്യാധി തടയാൻ എല്ലാവരുടെയും സഹകരണം ആവശ്യമാണ്. ആരോഗ്യ വകുപ്പ് മുന്നറിയിപ്പുകൾ അംഗീകരിക്കണം. മൃതദേഹം തിരിച്ചറിയാനുള്ള സ്ഥലത്ത് ആളുകൾ തള്ളിക്കയറരുത്.

12 മന്ത്രിമാർ വയനാട്ടിലുണ്ട്. എല്ലാവരും ഇവിടെ തുടരുന്നത് പ്രായോഗികമല്ല. റവന്യൂ-വനം-ടൂറിസം-എസ്‌സി എസ്ടി മന്ത്രിമാർ അടങ്ങുന്ന മന്ത്രിസഭാ ഉപസമിതി ഇവിടെ ക്യാംപ് ചെയ്ത് പ്രവ‍ർത്തിക്കും. ശ്രീറാം സാംബശിവ റാവു പ്രത്യേക ഉദ്യോഗസ്ഥനായി തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.