കേരളത്തോടൊപ്പം വയനാടിനെ സഹായിക്കാൻ അന്യഭാഷാ താരങ്ങളും

0
151

വയനാട് ജില്ലയിലെ മുണ്ടക്കൈയിൽ ഉരുൾപൊട്ടൽ രാജ്യത്തെ തന്നെ നടുക്കിയ ഒരു സംഭവമാണ്. നേരം ഇരുട്ടിവെളുത്തപ്പോഴേക്കും ഒരു പ്രദേശം മുഴുവൻ ദുരിതത്തിലായി. ഈ സാഹചര്യത്തിൽ കേരളത്തെ സഹായിക്കാൻ അന്യഭാഷാ താരങ്ങളും എത്തുന്നുണ്ട്. തമിഴ് താരങ്ങളായ സൂര്യ, ജ്യോതിക, കാർത്തി എന്നിവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ സംഭാവന നൽകി.

സൂര്യ തന്റെ സോഷ്യൽ മീഡിയയിലൂടെയാണ് 50 ലക്ഷം സംഭാവന നൽകിയ വിവരം ആരാധകരുമായി പങ്കുവെച്ചത്. അനിയൻ കാർത്തിയും ഭാര്യ ജ്യോതികയും ചേർന്നാണ് 50 ലക്ഷം സംഭാവന നൽകിയിരിക്കുന്നത്. ഹൃദയം തകർന്നു പോകുന്നവെന്നാണ് സൂര്യ വയനാട് ദുരന്തത്തെക്കുറിച്ച് പ്രതികരിച്ചത്. ഉരുൾപൊട്ടലിന്റെ ദുരിതം അനുഭവിക്കുന്നവർക്കായി പ്രാർത്ഥിക്കുന്നു. രക്ഷാപ്രവർത്തകർക്കൊപ്പം ചേർന്ന് ദുരിതബാധിതർക്ക് കൈത്താങ്ങാകുന്ന ജനങ്ങളോടും സർക്കാർ ഏജൻസി അം​ഗങ്ങളോടും ബഹുമാനം മാത്രമെന്നും സൂര്യ സോഷ്യൽ മീഡിയയിൽ കുറിച്ചു.

നടൻ വിക്രമാണ് ആദ്യം മുക്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത്. 20 ലക്ഷം രൂപയാണ് നൽകിയത്. ഒട്ടേറെ പേരുടെ ജീവൻ പൊലിയാൻ കാരണമായ ദുരന്തത്തിലുള്ള തന്റെ വേദന അറിയിച്ച അദ്ദേഹം പണം സംഭാവന നൽകുകയായിരുന്നു. നടി രശ്മിക മന്ദാനയും വയനാട് ദുരന്തത്തിൽ കൈത്താങ്ങായി കേരളാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്തു ലക്ഷം രൂപ സംഭാവനയായി നൽകി.