വയനാടിന് സഹായം പ്രഖ്യാപിച്ച് പ്രമുഖ വ്യവസായികളും വിവിധ സംസ്ഥാന സർക്കാരുകളും

0
174

പ്രമുഖ വ്യവസായികൾ വയനാടിന് സഹായം പ്രഖ്യാപിച്ചു. ഗൗതം അദാനിയും എംഎ യൂസഫ് അലിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ വീതം സംഭാവന നൽകി. പ്രമുഖ വ്യവസായി രവി പിള്ളയും കല്യാണ് ജ്വല്ലേഴ്‌സ് ഉടമ കല്യാണ രാമനും അഞ്ച് കോടി രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. വിഴിഞ്ഞം തുറമുഖം അദാനി ഗ്രൂപ്പും അഞ്ച് കോടി രൂപ വാഗ്ദാനം ചെയ്തിട്ടുണ്ട്. കൂടാതെ കെഎസ്എഫ്ഇ അഞ്ച് കോടി രൂപയും കാനറാ ബാങ്ക് ഒരു കോടി രൂപയും കെഎംഎംഎല്‍ 50 ലക്ഷം രൂപയും വനിത വികസന കോര്‍പ്പറേഷന്‍ 30 ലക്ഷം രൂപയും, ഔഷധി ചെയര്‍പേഴ്സണ്‍ ശോഭന ജോര്‍ജ്ജ് 10 ലക്ഷം രൂപയും നല്‍കി.

തമിഴ്നാട് മുഖ്യമന്ത്രി പ്രഖ്യാപിച്ച 5 കോടി രൂപ തമിഴ്നാട് പൊതുമരാമത്ത് മന്ത്രി ഇ.വി വേലു മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തി കൈമാറി. തമിഴ് ചലച്ചിത്ര നടന്‍ വിക്രം 20 ലക്ഷം രൂപ കൈമാറിയിട്ടുണ്ട്. ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ ട്രസ്റ്റ് 11 ലക്ഷം രൂപ സംഭാവനയായി പ്രഖ്യാപിച്ചിട്ടുണ്ട്.

എല്ലാ മന്ത്രിമാരും ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകാനും തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ദുരിതബാധിതരെ സഹായിക്കാനെന്ന പേരില്‍ സന്നദ്ധ സംഘടനകളുടെ പേരിലടക്കം ഒറ്റയ്ക്കും കൂട്ടായും പണപ്പിരിവും ഭക്ഷണവും വസ്ത്രവും അടക്കമുള്ള വസ്തുക്കളുടെ ശേഖരണം നിര്‍ത്തിവെക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഉരുള്‍പൊട്ടല്‍ ഉണ്ടായ മേഖലയിലേക്ക് വയനാട് ജില്ല ഭരണ സംവിധാനത്തിന്‍റെ മേല്‍നോട്ടത്തില്‍ വസ്ത്രവും ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും ശേഖരിക്കുന്നുണ്ട്. അത് കൃത്യമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്കും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കും എത്തിച്ചു നല്‍കുകയും ചെയ്യുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.