വോളന്റർമാർക്കൊപ്പം വയനാടിനായി നടി നിഖില വിമലും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമാണ്

0
101

ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ വയനാട്ടിലേക്ക് അവശ്യസാധനങ്ങൾ എത്തിക്കുന്ന തളിപ്പറമ്പ് കളക്ഷൻ സെൻ്ററിൽ വളണ്ടിയറായിട്ടാണ് നിഖില പ്രവർത്തിക്കുന്നത്. രാത്രി വൈകിയും മറ്റ് സന്നദ്ധപ്രവർത്തകർക്കൊപ്പം നിഖില കളക്ഷൻ സെൻ്ററിലെ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നുണ്ട്. ഇത് ബാക്കിയുള്ളവർക്കും ഒരു വലിയ പ്രചോദനം ആയിമാറിയിട്ടുണ്ട്. സജീവമായി പ്രവർത്തിക്കുന്ന താരത്തിന്റെ വീഡിയോ ഡിവൈഎഫ്‌ഐ ഔദ്യോഗിക പേജിൽ പങ്കുവച്ചു. നിഖിലയെ അഭിനന്ദിച്ചും പ്രശംസിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്. തളിപ്പറമ്പ് കളക്ഷൻ സെന്ററിലാണ് നിഖില അവശ്യ സാധനങ്ങൾ ശേഖരിക്കുന്നതിനായി സജീവമായി പ്രവർത്തിക്കുന്നത്. താരത്തിനൊപ്പം നിരവധി യുവതി-യുവാക്കളും പ്രവർത്തിക്കുന്നതും വീഡിയോയിൽ കാണാം.

നേരത്തെ മമ്മൂട്ടി, മോഹൻലാൽ, മഞ്ജു വാര്യർ, പൃഥ്വിരാജ്, ടൊവിനോ തോമസ്, ബേസിൽ ജോസഫ്, ഉണ്ണി മുകുന്ദൻ തുടങ്ങിയ താരങ്ങളും വയനാടിന് ഐക്യദാർഢ്യവുമായി രംഗത്തെത്തിയിരുന്നു. കനത്ത മഴയും പ്രകൃതിക്ഷോഭവും തുടരുന്ന സാഹചര്യത്തിൽ സുരക്ഷയും ജാഗ്രതയും പാലിക്കാൻ ശ്രമിക്കണം എന്ന് മമ്മൂട്ടിയും മോഹൻലാലും ആവശ്യപ്പെട്ടു. ജില്ലാ ഭരണകൂടം പുറത്തുവിട്ട കൺട്രോൾ റൂം നമ്പറുകളും താരങ്ങളുടെ ഫേസ്ബുക്ക് പേജിൽ പങ്ക് വെച്ചിട്ടുണ്ട്. താരസംഘടനയായ അമ്മയുടെ ഈ വിവരങ്ങൾ പങ്കിട്ടുണ്ട്. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ടൊവിനോ തോമസ് ചിത്രം അജയന്റെ രണ്ടാം മോഷണം അപ്‌ഡേറ്റ് മാറ്റിവെച്ചിരുന്നു. ഉരുൾപൊട്ടൽ, മഴ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള മുന്നറിയിപ്പുകളും ടൊവിനോ പങ്ക് വെച്ചിട്ടുണ്ട്.

മഞ്ജു വാര്യർ ചിത്രത്തിന്റെ റിലീസ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മാറ്റി വെച്ചിരിക്കുകയാണ്. മാത്രമല്ല ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പുറപ്പെടുവിച്ച മിക്ക മുന്നറിയിപ്പുകളും താരം തന്റെ പേജിൽ പങ്ക് വെച്ചിട്ടുമുണ്ട്. കൂടാതെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് ആവശ്യമായ സാധനങ്ങൾ ശേഖരിക്കുന്നതിന്റെ പോസ്റ്ററും മഞ്ജുവിന്റെ പേജിലുണ്ട്.