ദുരന്തമേഖലയിൽ കുടുങ്ങിയ നൂറോളം പേരെ മുണ്ടക്കൈയിൽ കണ്ടെത്തിയതായി റിപ്പോർട്ട്

0
57

ഉരുൾപൊട്ടലുണ്ടായി മണിക്കൂറുകൾക്കകം ആർമിയും എൻഡിആർഎഫും അടങ്ങുന്ന സംഘം പുഴ കടന്ന് മുണ്ടക്കൈയിലെത്തി. ദുരന്തമേഖലയിൽ കുടുങ്ങിയ നൂറോളം പേരെ മുണ്ടക്കൈയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. പുഴയ്ക്ക് മുകളിലൂടെ കയർ കെട്ടി ഇവരെ രക്ഷിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.

കണ്ണൂരിലെ ഡിഫൻസ് സെക്യൂരിറ്റി കോർപ്സ് (ഡിഎസ്സി) സെന്ററിൽ നിന്ന് 200 സൈനികരുള്ള ഇന്ത്യൻ ആർമിയുടെ രണ്ട് വിഭാഗങ്ങൾ‌ വയനാട്ടിലേക്ക് എത്തിയിട്ടുണ്ട്. കണ്ണൂരിലെ സൈനിക ആശുപത്രിയിൽനിന്നുള്ള മെഡിക്കൽ സംഘവും കോഴിക്കോട് നിന്നുള്ള ടെറിട്ടോറിയൽ ആർമിയുടെ സേനയേയും വയനാട്ടിലേക്ക് വിന്യസിച്ചിട്ടുണ്ടെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. ഉരുൾപൊട്ടലിൽ കുടുങ്ങിയ 250 ഓളംപേരെ രക്ഷപ്പെടുത്തുന്നതിനായി സംസ്ഥാന സർക്കാരിന്റെ അഭ്യർഥനപ്രകാരമാണ് സൈനിക വിന്യാസമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.

അതേസമയം, വയനാട്ടിൽ കനത്ത മഴയ്ക്കിടെ ചൊവ്വാഴ്ച പുലർച്ചെയുണ്ടായ രണ്ട് ഉരുൾപൊട്ടലുകളിൽ മരണസംഖ്യ 94 ആയി. മേപ്പാടിക്കടുത്തുള്ള ചൂരൽമലയിലും മുണ്ടക്കൈയിലുമാണ് ഉരുൾപൊട്ടലുകളുണ്ടായത്. ചൂരൽമലയിൽ നിരവധി വീടുകൾ തകരുകയും ഒലിച്ചുപോകുകയുംചെയ്തിട്ടുണ്ട്. നിരവധിപേർ ദുരന്തമേഖലയിൽ കുടുങ്ങിയിട്ടുണ്ടെന്നാണ് നാട്ടുകാർ നൽകുന്ന വിവരം.

പരിക്കേറ്റ നൂറോളം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. ഇവിടെനിന്ന് മുണ്ടക്കൈയിലേക്കുള്ള പാലം തകർന്നതിനാൽ മണിക്കൂറുകൾ വൈകിയാണ് രക്ഷാപ്രവർത്തകർക്ക് അപകടസ്ഥലത്തേക്ക് എത്താൻ സാധിച്ചത്. അവിടെയുണ്ടായ നാശനഷ്ടങ്ങളുടെ യഥാർഥചിത്രം ഇനിയും പുറംലോകത്ത് എത്തിയിട്ടില്ല. ഉരുൾപൊട്ടലിൽപ്പെട്ട നിരവധിപേരുടെ മൃതദേഹ അവശിഷ്ടങ്ങൾ കിലോമീറ്ററുകൾക്കപ്പുറം മലപ്പുറം നിലമ്പൂർ പോത്തുകല്ലിൽ ഒഴുകിയെത്തിയത് ദുരന്തത്തിന്റെ വ്യാപ്തി വെളിപ്പെടുത്തുന്നതാണ്.