കുട്ടിക്കാലം മുതൽ താൻ ആരാധിച്ചിരുന്ന റയൽ മാഡ്രിഡ് ടീമിൽ കളിക്കാൻ ഇനി ഈ പതിനെട്ടുകാരനുമുണ്ടാകും

0
188

സ്പാനിഷ് ലീഗിലെ വമ്പൻമാരായ റയൽ മാഡ്രിഡ് താരനിബിഢമായ ഒരു ടീമാണ്. കൈലിയൻ എംബാപ്പെ, വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ തുടങ്ങിയ സൂപ്പർ താരങ്ങൾക്കൊപ്പം കളിക്കാൻ ഇനി ആ പതിനെട്ടുകാരനുമുണ്ടാകും. കുട്ടിക്കാലം മുതൽ താൻ ആരാധിച്ചിരുന്ന ക്ലബ്ബിനായി ആറ് വർഷത്തെ കരാർ ഒപ്പിട്ടതിന് ശേഷം ആരാധകരെയും ക്ലബ്ബ് അധികൃതരെയും അഭിസംബോധന ചെയ്യുമ്പോൾ അദ്ദേഹത്തിൻ്റെ കവിളിലൂടെ കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു. കിലിയൻ എംബാപ്പെക്കു പിന്നാലെയാണ് പ്രൗഢഗംഭീരമായ ചടങ്ങിൽ സാന്റിയാഗോ ബെർണബ്യൂവിൽ സ്വന്തം ആരാധകർക്ക് മുന്നിലേക്ക് എൻഡ്രിക്കിനെയും റയൽ അവതരിപ്പിച്ചത്.

ഒരു വർഷം മുമ്പ് തന്നെ ക്ലബ് അധികൃതർ എൻട്രിക്കുമായും അദ്ദേഹത്തിന്റെ മുൻക്ലബ് ആയ ബ്രസിലിലെ പാൽമിറാസ് അധികൃതരുമായി ഔദ്യോഗിക ചർച്ചകൾ പൂർത്തിയാക്കിയിരുന്നു. രാജ്യം വിടാൻ എൻട്രിക്കിന് 18 വയസ്സ് പൂർത്തിയാകണമായിരുന്നു. 18 തികഞ്ഞതിന്റെ തൊട്ടടുത്ത ദിവസം തന്നെയാണ് ആഘോഷപൂർവം എൻഡ്രിക്കിനെ ക്ലബ് പ്രസിഡന്റ് പെരസ് റയലിലേക്ക് സ്വാഗതം ചെയ്തത്. പതിനാറാം നമ്പർ ജഴ്‌സിയാണ് താരത്തിന് അനുവദിച്ചിരിക്കുന്നത്.

2030 വരെയാണ് കരാർ കാലാവധി. താരത്തിനായി ബ്രസീൽ ക്ലബ് പാൽമിറാസുമായി 2022ൽ തന്നെ റയൽ ധാരണയിലെത്തിയിരുന്നു. 318 കോടി രൂപയാണ് (35 മില്യൺ യൂറോ) എൻട്രിക്കിന്റെ അടിസ്ഥാന വില. ആഡ് ഓൺ ആയി 25 മില്യൺ യൂറോ എന്നതും കരാറിലുൾപ്പെടുത്തിയിട്ടുണ്ട്. പ്രസന്റേഷൻ ചടങ്ങിൽ എൻട്രിക്ക് വികാരനിർഭരമായാണ് റയലിലേക്കുള്ള പ്രവേശനം വിവരിച്ചത്. ”ഞാൻ വളരെ സന്തോഷത്തിലാണ്. കുട്ടിക്കാലം മുതൽ മഡ്രിഡ് ആരാധകനായിരുന്നു, ഇപ്പോൾ ഞാൻ മഡ്രിഡിനായി കളിക്കാൻ പോകുന്നു. വിവരിക്കാൻ വാക്കുകളില്ല. ഇവിടെ എത്തണമെന്നാണ് മോഹിച്ചത്. മഡ്രിഡിനായി കളിക്കുന്നത് ഒരുപാട് ആഗ്രഹിച്ചിരുന്നു. അതൊരു സ്വപ്നമായിരുന്നു. ആ സ്വപ്നം ഇന്ന് യാഥാർഥ്യമായി” -ആരാധാകരോടും ക്ലബ് അധികൃതരോടുമായി താരം പറഞ്ഞു. പാൽമിറാസ് താരമായ എൻഡ്രിക് കഴിഞ്ഞ വർഷം ബ്രസീൽ ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ചിരുന്നു. പതിവ് ബ്രസീലിയൻ ശൈലിയിൽ ചടുലമായി കളിക്കുന്ന താരം 10 മത്സരങ്ങളിൽനിന്നായി മൂന്നു ഗോളുകൾ നേടിയിരുന്നു. മാത്രമല്ല പ്രശസ്തമായ വെംബ്ലി സ്റ്റേഡിയത്തിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ പുരുഷ താരമെന്ന റെക്കോഡും എൻട്രിക്ക് സ്വന്തം പേരിലാക്കിയിരുന്നു. പാൽമിറാസിനായി 81 മത്സരങ്ങളിൽനിന്ന് 21 ഗോളുകൾ നേടിയ താരത്തെ റയൽ കോച്ച് കാർലോ ആഞ്ചലോട്ടി ഏത് വിധേന പരീക്ഷിക്കുമെന്നതാണ് ആരാധകർ ഉറ്റുനോക്കുന്നത്. അതിവേഗ താരമായ കിലിയൻ എംബാപ്പെ നയിക്കുന്ന റയലിന്റെ മുൻനിര കൂടുതൽ മൂർച്ചയുള്ളതാകുമെന്ന അഭിപ്രായമാണ് ആരാധകരിൽ ചിലർ പങ്കുവെക്കുന്നത്.