ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ ജില്ലാ ഭരണകൂടം കൻവാർ യാത്രയുടെ വഴിയിലെ മസ്ജിദുകളുടെയും മസാറകളുടെയും മുൻഭാഗം വെള്ള തുണികൊണ്ട് മറച്ചു. നാട്ടുകാരും രാഷ്ട്രീയക്കാരും വലിയ പ്രതിഷേധം സൃഷ്ടിച്ചപ്പോഴാണ് ഇവ നീക്കം ചെയ്തതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഹരിദ്വാറിലെ ജവാർപൂർ പ്രദേശത്തെ പള്ളികളുടെയും മറ്റും മുൻഭാഗം മുളവടികളിൽ കെട്ടിയ തുണികൾ കൊണ്ടാണ് മറച്ചത്. എന്നാൽ അധികൃതരുടെ ഭാഗത്ത് നിന്നും ഇത്തരം ഒരു നിർദേശം ഉണ്ടായെന്ന കാര്യത്തിൽ തങ്ങൾക്ക് വ്യക്തതയില്ലെന്നാണ് പള്ളികളിലെ മൗലാനാമാരും മസാർ പരിചാരകരും പറയുന്നത്. ഇതാദ്യമായാണ് ഇത്തരമൊരു സംഭവമെന്നും അവർ പറയുന്നു.
പ്രശ്‌നങ്ങൾ ഒന്നും ഉണ്ടാകാതിരിക്കാനാണ് ഇങ്ങനെ ചെയ്തതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ വിവിധയിടങ്ങളിൽ നിന്നും വിമർശനം ഉയർന്നതോടെ വെള്ളിയാഴ്ച വൈകിട്ടോടെ ഈ തുണികൾ നീക്കം ചെയ്തു. അതേസമയം മന്ത്രി സത്യപാൽ മഹാരാജ് പറഞ്ഞത് പ്രദേശത്ത് സമാധാനം നിലനിർത്താനാണ് ഇത്തരം ഒരു നടപടി സ്വീകരിച്ചതെന്നാണ്. ഇതൊരു വലിയ കാര്യമല്ലെന്നും കെട്ടിടനിർമാണത്തിന് ഇടയിൽ ഇത്തരത്തിൽ തുണികെട്ടി മറയ്ക്കാറില്ലേയെന്നുമാണ് മന്ത്രി വിശദീകരിച്ചത്.