നാലുമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ മോഷ്ടാവിനെ ഓടയില്‍ നിന്ന് രക്ഷിച്ച് പോലീസ്

0
94

കായംകുളത്ത് കള്ളൻ പോലീസിനെ വട്ടം കറക്കി. പോലീസ് തിരച്ചിൽ നടത്തുന്നതറിഞ്ഞ് ഓടയിൽ ഒളിച്ചിരുന്ന മോഷ്ടാവിനെ ഫയർഫോഴ്‌സ് എത്തിയാണ് പുറത്തെടുത്തത്. കായംകുളം റെയിൽവേ സ്റ്റേഷന് സമീപത്തെ ഓടയിലാണ് മോഷ്ടാവ് ഒളിച്ചിരുന്നത്. മോഷ്ടാവിനെ പിടികൂടാൻ എത്തിയ പൊലീസ് പിന്നീട് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുകയായിരുന്നു

കായംകുളത്തെ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഇന്നലെ രാത്രി വ്യാപകമായി മോഷണ ശ്രമം നടത്തിയെന്ന പരാതി അന്വേഷിക്കാനാണ് പൊലീസ് എത്തിയത്. പൊലീസ് അന്വേഷിച്ച് എത്തിയതോടെ മോഷ്ടാവ് ഓടയിൽ ഒളിച്ചു. വിവരം ലഭിച്ചതിനെ തുടർന്ന് ഇയാളെ ഓടയിൽ നിന്ന് പുറത്തെത്തിക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല. മോഷ്ടാവിന് സ്വയം മുകളിലേക്ക് കയറാനും സാധിക്കാതെ വന്നതോടെ ഫയർ ഫോഴ്‌സിന്റെ സഹായം തേടുകയായിരുന്നു.

നാലുമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് മോഷ്ടാവിനെ ഓടയിൽ നിന്ന് പുറത്തെത്തിച്ചത്. ഇന്നലെ രാത്രി 1 മണിയ്ക്ക് തുടങ്ങിയ രക്ഷാപ്രവർത്തനം പൂർത്തിയായത് ഇന്ന് വെളുപ്പിന് 5 മണിയ്ക്കാണ്. ഇയാളെ പുറത്തെത്തിച്ച് ചോദ്യം ചെയ്തതിൽ നിന്ന് ഇയാൾ തന്നെയാണ് മോഷണം നടത്തിയതെന്ന് പൊലീസിന് വ്യക്തമായി. തമിഴ്‌നാട് സ്വദേശി രാജശേഖരൻ എന്ന മോഷ്ടാവ് നിലവിൽ പൊലീസിന്റെ കസ്റ്റഡിയിലാണ്.