ലോകസമ്പന്നന്മാർക്കു പുതിയ സൂപ്പർ റിച്ച് നികുതി ഏർപ്പെടുത്താൻ ജി 20 രാജ്യങ്ങൾ

0
233

ലോകത്തിലെ ഏറ്റവും വലിയ ധനികനായ ഇലോൺ മസ്‌ക്നും കൂടാതെ പട്ടികയിൽ 11-ാം സ്ഥാനത്തുള്ള മുകേഷ് അംബാനി എന്നിവരുൾപ്പെടെയുള്ള ശതകോടീശ്വരന്മാർക്ക് പുതിയ സൂപ്പർ റിച്ച് നികുതി ചുമത്താൻ പദ്ധതിയുമായി ജി20 രാജ്യങ്ങൾ. സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം ചരിത്രത്തിലെ ഏറ്റവും മോശമായ ഘട്ടത്തിലാണ് ബ്രസീലിയൻ പ്രസിഡൻ്റും ഇടതുപക്ഷ സോഷ്യലിസ്റ്റുമായ ലുല ഡ സിൽവ മുന്നോട്ടുവച്ച ഈ ആശയം.

ലോക സമ്പത്ത് ഒരു കേക്ക് രൂപത്തിലാക്കിയാൽ അതിന്റെ പകുതിയും കയ്യാളുന്നത് വെറും പത്ത് ശതമാനം വരുന്ന അതിസന്പന്നരാണ്. ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥകളുടെ കൂട്ടായ്മയായ ജി 20യുടെ ഈ ധീര നീക്കം പ്രാവർത്തികമായാൽ വെറും 3,000 ധനികരിൽ നിന്ന് മാത്രം പ്രതിവർഷം 250 ബില്യൺ ഡോളറിന്റെ നികുതി വരുമാനം ലഭിക്കും എന്നാണ് പ്രതീക്ഷ. അതായത് ഇന്ത്യയുടെ വാർഷിക ബജറ്റിന്റെ പകുതിയോളം.

ആദ്യ പടിയായി ജി 20 രാജ്യങ്ങൾ പുതിയ നികുതിയുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്ന നടപടികളുടെ വിവരങ്ങൾ പരസ്പരം കൈമാറ്റം ചെയ്യുമെന്ന് യൂറോപ്യൻ സാന്പത്തിക കമ്മിഷണർ പൗലോ ജെന്റിലോണി പറഞ്ഞു. നീക്കത്തെ തത്വത്തിൽ അം​ഗീകരിച്ചെങ്കിലും ആഗോളതലത്തിൽ നികുതി നയം രൂപീകരിക്കുകയെന്ന ആശയം പ്രായോഗികമാകമാണോയെന്നതിൽ സംശയമുണ്ടെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ജാനറ്റ് യെലൻ പറഞ്ഞു. ശതകോടീശ്വര നികുതി ലക്ഷ്യമിടുന്നതാരെയൊക്കെയാണ്? ടെസ്‌ല, സ്പേസ് എക്സ് ഉടമ എലോൺ മസ്ക്, ആമസോണിന്റെ ജെഫ് ബെസോസ് തുടങ്ങി ലോകത്തിലെ അതിസന്പന്നരെയെല്ലാം പുതിയ നികുതി പരിധിയിൽ കൊണ്ട് വരാനാണ് ലക്ഷ്യമിടുന്നത്. ഫോബ്സ് സന്പന്നപ്പട്ടിക പ്രകാരം മസ്കിന് 235 ബില്യൺ ഡോളറും ബെസോസിന് 200 ബില്യൺ ഡോളറുമാണ് ആസ്തി.

ചാരിറ്റി എൻ ജി ഒ ഓക്സ്ഫാമിന്റെ പഠനം പറയുന്നത് അതിസമ്പന്നരിൽ ഒരു ശതമാനം പേർ കഴിഞ്ഞ 10 വർഷം കൊണ്ട് അവരുടെ ആസ്തിയിൽ കൂട്ടിച്ചേർത്തത് 4.2 ട്രില്യൺ ഡോളറാണ്. ലോക ജനസംഖ്യയുടെ ഏറ്റവും താഴേക്കിടയിലുള്ള 50 ശതമാനത്തിന്റെ സ്വത്തിനേക്കാൾ 34 മടങ്ങ് കൂടുതലാണിത്. ഈ ഒരു ശതമാനത്തിൽ പെടുന്ന ഒരു ധനികന്റെ ശരാശരി സമ്പത്ത് കഴിഞ്ഞ ദശകത്തിൽ നാല് ലക്ഷം ഡോളർ വർധിച്ചപ്പോൾ ഒരു ശരാശരി ദരിദ്രന്റെ ആസ്തിയിലുണ്ടായ വർധന അഞ്ച് രൂപയിൽ താഴെ. അത്രയും ഉണ്ട് സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം എന്ന് ഓക്സഫാം പറയുന്നു. ഈ പശ്ചാത്തലത്തിൽ ജി 20 രാജ്യങ്ങളുടെ ഈ നീക്കം ആ​ഗോള നികുതി വ്യവസ്ഥയിൽ വലിയ കോളിളക്കങ്ങൾ ഉണ്ടാക്കും.