കുളുമണാലിയിൽ മേഘവിസ്ഫോടനം. അതിനെ തുടർന്ന് NH3 അടച്ചു. അഞ്ജലി മഹാദേവ മേഖലയിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. മാണ്ഡിയ, കിന്നൗർ, കാൻഗ്ര ജില്ലകളിലായി 15 റോഡുകൾ അടച്ചു. ബുധനാഴ്ച വൈകിട്ട് നടന്ന സംഭവത്തിൽ ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
അടൽ ടണലിൻ്റെ നോർത്ത് പോർട്ടൽ വഴി ലാഹൗളിൽ നിന്നും സ്പിതിയിൽ നിന്നും മണാലിയിലേക്ക് പോകുന്ന വാഹനങ്ങൾ റോഹ്താങ്ങിലേക്ക് തിരിച്ചുവിട്ടതായി പൊലീസ് അറിയിച്ചു. ആവശ്യമെങ്കിൽ മാത്രം യാത്ര ചെയ്യാനും ജാഗ്രതയോടെ വാഹനം ഓടിക്കാനും വഴിയിൽ ഉണ്ടായേക്കാവുന്ന അപകടത്തെക്കുറിച്ച് ബോധവാനായിരിക്കാനും പൊലീസ് യാത്രക്കാരോട് നിർദേശിച്ചു.
മാണ്ഡിയിലെ 12, കിന്നൗറിലെ രണ്ട്, കാൻഗ്ര ജില്ലയിൽ ഒന്ന് ഉൾപ്പെടെ മൊത്തം 15 റോഡുകൾ വാഹനഗതാഗതത്തിനായി അടച്ചു. ബുധനാഴ്ച രാത്രി സംസ്ഥാനത്ത് 62 ട്രാൻസ്ഫോർമറുകൾ തകരാറിലായതായി സംസ്ഥാന എമർജൻസി ഓപ്പറേഷൻ സെൻ്റർ അറിയിച്ചു. ജൂലൈ 28 വരെ അടുത്ത നാല് ദിവസത്തേക്ക് ഹിമാചൽ പ്രദേശിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് പ്രാദേശിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ബുധനാഴ്ച ‘യെല്ലോ’ അലർട്ട് പ്രഖ്യാപിച്ചു.