കേന്ദ്ര ബജറ്റ് അവതരണത്തിന് ശേഷം രാജ്യത്തെ ഇടത്തരക്കാർ മോദി സർക്കാരിനെതിരെ കടുത്ത അമർഷത്തിലാണ്. മൂന്നാം തവണയും മോദി സർക്കാരിനെ അധികാരത്തിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച അവർ, ആദ്യ ബജറ്റിൽ തന്നെ വലിയ തിരിച്ചടിയും സാമ്പത്തിക ബാധ്യതയും നേരിട്ടു. തങ്ങൾക്ക് വോട്ട് ചെയ്യാതിരുന്ന രാജ്യത്തെ തൊഴിലില്ലാതെ നട്ടംതിരിയുന്ന യുവാക്കളെയും അധികാരം നിലനിർത്താൻ ബിഹാറിനെയും ആന്ധ്രയെയും പരിഗണിച്ച ബജറ്റിൽ വലിയ ആഘാതമാണ് മധ്യവർഗ കുടുംബങ്ങൾക്ക് ഉണ്ടായിരിക്കുന്നത്.
കിട്ടുന്ന വരുമാനമെല്ലാം ഒരു തരി പോലും സമ്പാദിക്കാനാവാതെ ചെലവാക്കേണ്ടി വരുന്ന മധ്യവർഗ കുടുംബങ്ങൾക്ക് ആശ്വാസകരമാകുന്ന പ്രഖ്യാപനങ്ങൾ ആദായ നികുതിയിൽ പോലും ഉണ്ടായില്ല. ബജറ്റിൽ പുതിയ ആദായ നികുതി സമ്പ്രദായത്തിൽ 17500 രൂപയുടെ ഇളവ് ലഭിക്കുന്ന നിലയിൽ മാറ്റങ്ങൾ വരുത്തിയെന്നാണ് ധനമന്ത്രിയുടെ അവകാശ വാദം. എന്നാൽ ദീർഘകാല മൂലധന നേട്ടത്തിന് 10 ശതമാനം നികുതി 12.5 ശതമാനം നികുതിയാക്കിയതും ഇൻഡെക്സേഷൻ ക്ലോസ് ഒഴിവാക്കിയതും വലിയ തിരിച്ചടിയാണ് സാധാരണക്കാർക്ക് ഉണ്ടാക്കുന്നത്.
അധിക വരുമാനം ഉണ്ടാക്കാമെന്ന പ്രതീക്ഷയോടെ സ്റ്റോക്ക് മാർക്കറ്റിൽ നിക്ഷേപിച്ച ഇടത്തരക്കാരെ ഇതിൽ നിന്ന് പിന്തിരിപ്പിക്കന്നതാണ് ദീർഘകാല മൂലധന നേട്ടത്തിനുള്ള 10 ശതമാനം നികുതി നിർദ്ദേശം. ഇൻഡെക്സേഷൻ ക്ലോസ് ഒഴിവാക്കിയതോടെ ദീർഘകാല ഉടമസ്ഥതയിലുള്ള വസ്തു, വീട് എന്നിവ വിൽക്കുമ്പോൾ ഉടമ ലക്ഷക്കണക്കിന് രൂപ നികുതി കേന്ദ്രസർക്കാരിന് നൽകണം.
സാധാരണക്കാരനെ സംബന്ധിച്ച് വീട്ടിലേക്ക് വാങ്ങുന്ന എല്ലാ സാധനങ്ങൾക്കും ജിഎസ്‌ടി നൽകുന്നുണ്ട്. ആശുപത്രിയിൽ ചികിത്സ തേടിയാൽ അവിടെ അടക്കുന്ന ബില്ലിനും വാങ്ങുന്ന മരുന്നുകൾക്കും നികുതി അടക്കുന്നുണ്ട്. വിദ്യാർത്ഥികൾക്ക് സ്കൂളിൽ അടക്കുന്ന ഫീസിലുൾപ്പടെ നികുതിയുണ്ട്. ഇതിന് എല്ലാം പുറമെ വാർഷിക വരുമാനത്തിൽ നിന്ന് വലിയൊരു തുക കൂടി കേന്ദ്രസർക്കാർ നിർബന്ധബുദ്ധിയോടെ പിരിച്ചെടുക്കുകയാണ് ചെയ്യുന്നത്. ഫലത്തിൽ ജനം അധ്വാനിച്ചുണ്ടാക്കുന്ന വരുമാനത്തിൻ്റെ ഏറിയ പങ്കും കേന്ദ്രസർക്കാരിൻ്റെ ഖജനാവിലെത്തുന്നു.
കൃത്യമായ വിലയിരുത്തൽ അസാധ്യമെങ്കിലും രാജ്യത്ത് 31% ജനങ്ങളും മധ്യവർഗമെന്നാണ് കരുതപ്പെടുന്നത്. 2023 ൽ കേന്ദ്രസർക്കാർ പുറത്തുവിട്ട കണക്ക് പ്രകാരം രാജ്യത്ത് 2.24 കോടി ജനം മാത്രമാണ് (ജനസംഖ്യയുടെ 1.6%) ആദായ നികുതിയും കോർപറേറ്റ് നികുതിയും അടക്കുന്നത്. ഇതിൽ തന്നെ ബഹുഭൂരിപക്ഷവും ഇട്ടത്തരക്കാരാണ്. 2014 ലും 2019 ലും ഈ കുടുംബങ്ങളുടെയാകെ പിന്തുണ ബിജെപിക്കാണ് ലഭിച്ചതെന്നാണ് വിലയിരുത്തൽ. എന്നാൽ ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ മധ്യവർഗത്തിൽ നിന്ന് മൂന്ന് ശതമാനം വോട്ട് ബി.ജെ.പിക്ക് നഷ്ടമായെന്നാണ് വിലയിരുത്തൽ. എന്നിട്ട് പോലും ഇവർക്ക് ആശ്വാസകരമാകുന്ന പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടായില്ല.
2019 ൽ കോർപറേറ്റ് നികുതി 30 ശതമാനത്തിൽ നിന്ന് കേന്ദ്രം 22 ശതമാനമാക്കി കുറച്ചിരുന്നു. ഇതിലൂടെ ലാഭിക്കുന്ന പണം വൻകിട കമ്പനികൾ രാജ്യത്ത് നിക്ഷേപിക്കുമെന്നാണ് കേന്ദ്രം പ്രതീക്ഷിച്ചത്. പക്ഷെ ലാഭിച്ച പണം സ്വന്തം പോക്കറ്റിലാക്കുകയാണ് കമ്പനികൾ ചെയ്തത്. അതിനാൽ തന്നെ കാര്യമായ നിലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടില്ല. സർക്കാരിനെതിരെ നിലവിൽ ഇടത്തരക്കാരായ ജനങ്ങളിലുണ്ടായിരിക്കുന്ന വിരുദ്ധ വികാരം ശക്തിപ്പെട്ടാൽ വരുന്ന തിരഞ്ഞെടുപ്പുകളിൽ ഇതിൻ്റെ പ്രതിഫലനം ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.